24 November Sunday

കെഎസ്‌ഇബിക്ക്‌ കോടികൾ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

മിന്നൽ ചുഴലിയിൽ മേത്തോട്ടുതാഴം പുതുശ്ശേരിക്കണ്ടി ചന്ദ്രന്റെ 
വീടിനുമുകളിലേക്ക് പതിച്ച തെങ്ങ്

തകർന്നത്‌ 56 വീട്‌
കോഴിക്കോട്‌ 
മലബാറിലെ വിവിധ ജില്ലകളിൽ ബുധനാഴ്‌ച അർധരാത്രിയും വ്യാഴാഴ്‌ച പകലുമായുണ്ടായ  മിന്നൽ ചുഴലിയിൽ 56 വീടുകൾ ഭാഗികമായി തകർന്നതായി റവന്യു വകുപ്പിന്റെ കണക്കുകൾ. കോഴിക്കോട്‌ താലൂക്ക്‌–- ഒമ്പത്‌, കൊയിലാണ്ടി–- 17, വടകര–-22, താമരശേരി–- എട്ട്‌ എന്നിങ്ങനെയാണ്‌ മരം വീണും മേൽക്കൂര തകർന്നും നഷ്ടമുണ്ടായത്‌. നാശനഷ്ടങ്ങളുടെ വിശദമായ കണക്കുകൾ റവന്യു വകുപ്പ്‌ ശേഖരിച്ചുവരുന്നതേയുള്ളൂ. കൊയിലാണ്ടി, കോഴിക്കോട്‌ താലൂക്കുകളിൽ ഒരാൾക്ക്‌ വീതം പരിക്കേറ്റിട്ടുണ്ട്‌. വൈദ്യുതി വിതരണശൃംഖലയ്‌ക്കാണ്‌ കനത്ത നാശമുണ്ടായത്‌. കണ്ണൂർ ജില്ലയിൽ 5.7 കോടിയുടെ നഷ്ടമുണ്ടായി. കോഴിക്കോട്‌ ജില്ലയിൽ 37,25,321 രൂപയുടെ നഷ്ടമാണ്‌ കെഎസ്‌ഇബി നേരിട്ടത്‌. 35,248 കണക്‌ഷനുകൾ വിച്ഛേദിക്കപ്പെട്ടു. 272 ട്രാൻസ്‌ഫോർമറുകൾക്കും കേടുപറ്റി.  832 ലോ ടെൻഷൻ വൈദ്യുതി തൂണും  72 ഹൈടെൻഷൻ വൈദ്യുതി തൂണും തകർന്നു. 15 എച്ച്‌ടി ലൈനിലും 1127 എൽടി ലൈനിലും വൈദ്യുതി തടസ്സമുണ്ടായി. കണ്ണൂർ ജില്ലയിൽ രണ്ടായിരത്തിലധികം വൈദ്യുതി ലൈൻ തകർന്നു. 
 അടുത്ത 48 മണിക്കൂറിനുള്ളിൽ സമാനമായ കാറ്റുവീശാനിടയുണ്ടെന്ന്‌ കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്‌. മണിക്കൂറിൽ അമ്പത്‌ കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുണ്ടാകുമെന്നാണ്‌ പ്രവചനം. കാസർകോട്‌, കണ്ണൂർ, കോഴിക്കോട്‌, വയനാട്‌, മലപ്പുറം, പാലക്കാട്‌ തുടങ്ങിയ ജില്ലകളിലായിരുന്നു കഴിഞ്ഞ ദിവസം മിന്നൽ ചുഴലി പ്രതിഭാസം. മണിക്കൂറിൽ 63 കിലോമീറ്റർ വരെ വേഗത്തിലുണ്ടായ ചുഴലിയിൽ കോടികളുടെ നാശമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top