വടകര
തോടന്നൂർ–-ഇടിഞ്ഞകടവ് റോഡ് നവീകരണത്തിന്റെ ഭാഗമായി 12 കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കുന്നു. തോടന്നൂർ ടൗണിൽനിന്നാരംഭിച്ച് മണിയൂർ പഞ്ചായത്തിലെ ഇടിഞ്ഞകടവ് ജങ്ഷൻ വരെയുള്ള പിഡബ്ല്യുഡി റോഡ് നവീകരിക്കണമെന്നത് മണിയൂർ, തിരുവള്ളൂർ പഞ്ചായത്തുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
ഇതിനായി പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 12 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ മന്ത്രി കെ എൻ ബാലഗോപാലിന് നിവേദനം നൽകിയിരുന്നു. തുടർന്ന് മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തിക്ക് ധനവകുപ്പ് അനുമതി നൽകിയത്. സാങ്കേതിക അനുമതി നടപടികൾ പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കുകയും പ്രവൃത്തി ടെൻഡർ ചെയ്‌ത് കരാർ നടപടി പൂർത്തിയാക്കുകയുംചെയ്തു.
തോടന്നൂർ ടൗൺ മുതൽ 3.75 കിലോമീറ്റർ വരെയുള്ള ഭാഗത്ത് 5.5 മീറ്റർ വീതിയിൽ റോഡ് ബിഎംബിസി നിലവാരത്തിലേക്ക് മാറ്റും. 3.75 കിലോമീറ്റർ മുതൽ ഇടിഞ്ഞകടവ് ജങ്ഷൻ വരെയുള്ള ഭാഗത്ത് നിലവിലുള്ള 3.8 മീറ്റർ വീതിയിൽനിന്ന് 5.5 മീറ്ററായി വർധിപ്പിച്ച് ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തും. ഇത്തരത്തിൽ തോടന്നൂർ ടൗണിൽനിന്ന് 7.7 കിലോമീറ്റർ ഭാഗമാണ് നവീകരിക്കുന്നത്.
ആവശ്യമായ ഇടങ്ങളിൽ റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യും. ഏഴ് പുതിയ കൾവർട്ടുകൾ നിർമിക്കുകയും 5 കൾവർട്ടുകൾ പുതുക്കിപ്പണിയുകയും ചെയ്യും. ചെരണ്ടത്തൂർ ചിറ ഭാഗത്ത് വ്യൂ പോയിന്റും നിർമിക്കും. കെഎസ്ഇബിയുടെ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കും. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടപ്പാക്കുന്നത്. വ്യാഴാഴ്‌ച റോഡ് ഗുണഭോക്താക്കളുടെ യോഗവും ചേരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..