വടകര
ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണത്തട്ടിപ്പ് കേസിൽ പ്രതിയായ മുൻ വടകര ബ്രാഞ്ച് മാനേജർ മധാ ജയകുമാറിനെ (34) പത്തുദിവസം കൂടി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും. ആറ് ദിവസമായിരുന്നു നേരത്തെ കസ്‌റ്റഡിയിൽ വിട്ടത്. അതിന്റെ കാലാവധി കഴിയുന്നതിനാൽ ചൊവ്വാഴ്ച വടകര ജുഡീഷ്യൽ മജിസ്‌ട്രേട്ടിന്റെ ചാർജുള്ള കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ ശേഷം വീണ്ടും അപേക്ഷിക്കും.
പ്രതി തമിഴ്നാട് മേട്ടുപ്പാളയം സ്വദേശിയായ മധാ ജയകുമാർ വാടകക്ക് താമസിച്ച പരവന്തലയിലെ വീട്ടിലും ബാങ്ക് ശാഖക്ക് സമീപമുള്ള നാഷണൽ ടൂറിസ്റ്റ് ഹോം, പ്രതി സ്ഥിരമായി പോകാറുള്ള കടകൾ എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ജി ബാലചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
പ്രതിയെ തമിഴ്നാട്ടിലെ തഞ്ചാവൂരിലെത്തിച്ച് നടത്തിയ പരിശോധനയിൽ പണയപ്പെടുത്തിയ 5.300 കി. ഗ്രാം സ്വർണം കണ്ടെത്തിയിരുന്നു. 26.24 കി. ഗ്രാം സ്വർണമാണ് ബാങ്കിൽനിന്ന് നഷ്ടമായത്. ബാക്കി സ്വർണം ഇതര സംസ്ഥാനങ്ങളിലെ ബാങ്കുകളിലടക്കം പണയപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അത് കണ്ടെത്താനും കൂടുതൽ ചോദ്യം
ചെയ്യാനുമാണ് പൊലീസ് കസ്റ്റഡിയിൽ ലഭിക്കണമെന്നാവശ്യപ്പെടുന്നത്. കൂടാതെ മധാ ജയകുമാർ മാനേജരായിരുന്ന ബാങ്കിലെത്തിച്ചും തെളിവെടുപ്പ് നടത്തണം. ബാങ്കിലെ നശിപ്പിച്ച സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനും അന്വേഷകസംഘം ശ്രമം തുടങ്ങി. തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ സ്വർണം പണയപ്പെടുത്താൻ സഹായം നൽകിയ ആളെയും കണ്ടെത്തണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..