ബാലുശേരി
സിപിഐ എം ബാലുശേരി, കോഴിക്കോട് സൗത്ത് ഏരിയ ഏരിയാ സമ്മേളനങ്ങൾക്ക് പതാക ഉയർന്നു. ബാലുശേരി ഏരിയ സമ്മേളനത്തിന് ബസ് സ്‌റ്റാൻഡ് പരിസരത്തെ സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ്വാഗതസംഘം ചെയർമാൻ കെ എം സച്ചിൻദേവ് എംഎൽഎ പതാക ഉയർത്തി. ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം മെഹബൂബ്, പി കെ മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു. അത്തോളിയിൽ പതാകജാഥ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം മെഹബൂബ് ഉദ്ഘാടനംചെയ്തു. കെ കെ ശോഭ അധ്യക്ഷയായി. പി എം ഷാജി സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗം ഒള്ളൂർ ദാസന്റെ നേതൃത്വത്തിലാണ് പതാക കൊണ്ടുവന്നത്. കൊടിമരജാഥ കൂരാച്ചുണ്ടിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്തു. വി ജെ സണ്ണി അധ്യക്ഷനായി. കെ ജി അരുൺ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗം വി എം കുട്ടികൃഷ്ണന്റെ നേതൃത്വത്തിലാണ് കൊടിമരം കൊണ്ടുവന്നത്. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ഇരുജാഥകളും ബാലുശേരി ബ്ലോക്ക് റോഡിൽ കേന്ദ്രീകരിച്ച് റെഡ് വളന്റിയർമാരുടെയും അത് ലറ്റുകളുടെയും നൂറുകണക്കിന് ബൈക്കുകളുടെയും അകമ്പടിയോടെ പൊതുസമ്മേളന നഗരിയിൽ പ്രവേശിച്ചു. സ്വാഗതസംഘം കൺവീനർ പി പി രവീന്ദ്രനാഥ് ജാഥാലീഡർ ഒള്ളൂർ ദാസനിൽനിന്ന് പതാകയും സ്വാഗതസംഘം ട്രഷറർ എസ് എസ് അതുൽ ജാഥാലീഡർ വി എം കുട്ടികൃഷ്ണനിൽനിന്ന് കൊടിമരവും ഏറ്റുവാങ്ങി. മുദ്രാവാക്യം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പതാക ഉയർന്നു. ഏരിയാ റെഡ് വളന്റിയർ ക്യാപ്റ്റൻ ടി പി വിനിലിന്റെ നേതൃത്വത്തിൽ വളന്റിയർമാർ പതാകയ്ക്ക് സല്യൂട്ട് നൽകി.
സമ്മേളനത്തിന് ഇന്ന് തുടക്കം
ബാലുശേരി ഏരിയാ സമ്മേളനത്തിന് ബുധനാഴ്ച തുടക്കമാവും. ബാലുശേരി ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ (എം എം സ്കറിയാ മാസ്‌റ്റർ നഗർ) രാവിലെ ഒമ്പതിന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യും. ബാലുശേരിയിലെ മുൻകാല നേതാക്കളായിരുന്ന എ എം ഗോപാലന്റെയും കെ ഉണ്ണിയുടെയും വീടുകളിൽനിന്ന് ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി സരുണിന്റെയും കെ കെ ബാബുവിന്റെയും നേതൃത്വത്തിൽ അത്‌ലറ്റുകൾ റിലേയായി കൊണ്ടുവരുന്ന ദീപശിഖ പ്രതിനിധി സമ്മേളന നഗരിയിൽ ജ്വലിപ്പിക്കും. ലോക്കൽ സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും ഏരിയാ ജില്ലാ കമ്മിറ്റി അംഗങ്ങളുൾപ്പെടെ 180 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വ്യാഴാഴ്ച വൈകിട്ട് റെഡ് വളന്റിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനംചെയ്യും.
പന്തീരാങ്കാവ്
സിപിഐ എം കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തിന് പന്തീരാങ്കാവിലെ പൊതുസമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പതാക ഉയർന്നു. സ്വാഗതസംഘം ചെയർമാൻ ടി അതുൽ പതാക ഉയർത്തി. ഏരിയാ സെക്രട്ടറി ബാബു പറശ്ശേരി അധ്യക്ഷനായി. പതാക, കൊടിമര ജാഥാ ലീഡർമാരായ കെ ബൈജു, എൽ രമേശൻ എന്നിവർ സംസാരിച്ചു.
പതാക ജാഥ ഇടിയങ്ങരയിൽ സി പി കുഞ്ഞു സ്മൃതികേന്ദ്രത്തിൽ ഏരിയാ സെക്രട്ടറി ബാബു പറശേരി ഉദ്ഘാടനംചെയ്തു. സി പി കുഞ്ഞുവിന്റെ ഭാര്യ എം എം കദീശബിയിൽനിന്ന് പതാക ജാഥ ലീഡർ ഏരിയാ കമ്മിറ്റി അംഗം കെ ബൈജു ഏറ്റുവാങ്ങി. ഏരിയാ കമ്മിറ്റി അംഗം കാനങ്ങോട്ട് ഹരിദാസൻ അധ്യക്ഷനായി. സി പി മുസാഫർ അഹമ്മദ് സംസാരിച്ചു. ലോക്കൽ സെക്രട്ടറി എൻ പി നൗഷാദ് സ്വാഗതം പറഞ്ഞു.
വളയനാടിൽ സേലം രക്തസാക്ഷി കെ കെ രാമൻ സ്മൃതിമണ്ഡപത്തിൽ കൊടിമര ജാഥ ജില്ലാ കമ്മിറ്റി അംഗം എൽ രമേശൻ ഉദ്ഘാടനംചെയ്തു. സൗത്ത് ആദ്യ ഏരിയാ സെക്രട്ടറി അളത്തിൽ വാസുവിൽനിന്ന് ജാഥാ ലീഡർ ഏരിയാ കമ്മിറ്റി അംഗം സി ബാലു കൊടിമരം ഏറ്റുവാങ്ങി. ഏരിയാ കമ്മിറ്റി അംഗം ടി പി കോയമൊയ്തീൻ, എം സി അനിൽ കുമാർ എന്നിവർ സംസാരിച്ചു.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ഇരു ജാഥകളും ചുവപ്പ് വളന്റിയർമാരുടെ അകമ്പടിയോടെ ഒളവണ്ണ ജങ്ഷനിൽ സംഗമിച്ച് പന്തീരാങ്കാവിലേക്ക് നീങ്ങി. പന്തീരാങ്കാവിൽ പതാക -കൊടിമര ജാഥകളെ പ്രകടനമായി പൊതുസമ്മേളന നഗരിയിലേക്ക് ആനയിച്ചു. പൊതുസമ്മേളന നഗരിയിൽ ജാഥാ ലീഡറിൽനിന്ന് പതാക എം എം ശശിധരൻ ഏറ്റുവാങ്ങി. കൊടിമരം നീലേരി രാജൻ, വി സദാനന്ദൻ എന്നിവർ ഏറ്റുവാങ്ങി. തുടർന്ന് മുദ്രാവാക്യം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പതാക ഉയർന്നു. ഏരിയാ സെക്രട്ടറി ബാബു പറശ്ശേരി സ്വാഗതം പറഞ്ഞു.
ബുധനാഴ്‌ച പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിൽ സി പി കുഞ്ഞു നഗറിൽ പ്രതിനിധി സമ്മേളനം നടക്കും. വ്യാഴാഴ്‌ച പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..