കോഴിക്കോട്
എം ടി മലയാളികൾക്ക് ഒരു സർഗവിസ്‌മയമാണ്. എന്നാൽ മലാപ്പറമ്പ് എയുപി സ്‌കൂളിന് എം ടി എന്നാൽ ഒരു സമരപോരാളികൂടിയാണ്. കുരുന്നുകൾക്ക് അക്ഷരവെളിച്ചം നിലയ്‌ക്കാതിരിക്കാൻ സമരരംഗത്തിറങ്ങിയ പോരാളി.
2014 ഏപ്രിൽ 11. ലാഭകരമല്ലെന്നുപറഞ്ഞ് സ്കൂളുകൾ അടച്ചുപൂട്ടുന്ന സമയമായിരുന്നു അത്. പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മലാപ്പറമ്പ് എയുപി സ്കൂൾ ബൂത്തായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അർധരാത്രി സ്കൂൾ മാനേജർ, 139 വർഷം പഴക്കമുള്ള, കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്ന സ്കൂൾ ബുൾഡോസറുപയോഗിച്ച് ഇടിച്ചുനിരത്തി. നേരം വെളുത്തപ്പോൾ പൊളിച്ചിട്ട സ്‌കൂൾ കണ്ട് വിദ്യാർഥികളും നാടും ഞെട്ടി.
പ്രതിഷേധവും ബഹളവുമായി ജനം ഉണർന്നു. സ്കൂൾ മുറ്റത്തേക്ക് വൈകിട്ട് എം ടി കടന്നുവന്നു. പ്രദീപ് കുമാറിന്റെ കൈയിൽനിന്ന് മൈക്ക് വാങ്ങി എം ടി പ്രസംഗിച്ചു, "മാനിഷാദ... ഇത് ഇരുട്ടാണ്... സർക്കാർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തിരിക്കുന്നു. ഇത് സാംസ്കാരിക ഫാസിസമാണ്’. സമരപ്രഖ്യാപനമായ ഈ വാക്കുകൾ നാടിനെ ഇളക്കിമറിച്ചു. ഒരു സമരത്തിന്റെ മുന്നണിപ്പടയാളിയായി എം ടി നിറയുകയായിരുന്നു.
അങ്ങനെ കുട്ടികളുടെ പഠനത്തിന് കലക്ടറേറ്റിൽ ക്ലാസ് മുറിയൊരുങ്ങി. സ്‌കൂൾ പൂട്ടാനുള്ള ശ്രമത്തിനെതിരെ നിരന്തര സമരം. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ എടുത്ത ആദ്യ തീരുമാനത്തിലൊന്നായിരുന്നു മലാപ്പറമ്പ് സ്കൂൾ ഏറ്റെടുക്കൽ.
എം ടി സമരം അവസാനിപ്പിച്ചു. 2018 മെയ് 25ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും സംഘവും സ്കൂളിലെത്തി. സ്കൂൾ സർക്കാർ ഏറ്റെടുത്ത ഉത്തരവ് എം ടിയുടെ മുന്നിൽ ഉറക്കെ വായിച്ചു. പുതുക്കിപ്പണിയാൻ രണ്ടുകോടി രൂപയും അനുവദിച്ചു. എം ടി എന്ന പോരാട്ടനായകന്റെ ആ ചിരിയുടെ തെളിച്ചം ഇന്നും ആ വിദ്യാലയത്തിലെ അക്ഷരങ്ങളിൽ നിറയെ തെളിയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..