27 December Friday

"സ്മൃതിപഥ'ത്തിൽ അന്ത്യവിശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

എം ടിയുടെ മൃതദേഹം വിലാപയാത്രയായി വീടിനു പുറത്തേക്ക് കൊണ്ടുവരുന്നു

കോഴിക്കോട്‌
 സർഗസ്‌മരണങ്ങൾ മലയാളത്തിന്‌ സമ്മാനിച്ച എംടിയുടെ അവസാന ഓർമകൾ ഏറ്റുവാങ്ങി ‘സ്മൃതിപഥം’. മാവൂർ റോഡിലെ നവീകരിച്ച ശ്മശാന കോംപ്ലക്സായ ‘സ്മൃതിപഥ'ത്തിലാണ്‌ പ്രിയ എഴുത്തുകാരന്റെ മൃതദേഹം സംസ്‌കരിച്ചത്‌.   ‘സ്‌മൃതിപഥ’ത്തിലെ ആദ്യ സംസ്‌കാര ചടങ്ങ്‌ മലയാളികൾക്കാകെ നൊമ്പരപ്പെടുത്തുന്ന  ഓർമകൾ പകരുന്നതായി.  
       കോർപറേഷന്റെ കീഴിലുള്ള ശ്മശാനം നവീകരണത്തിന്റെ ഭാഗമായി ഒന്നര വർഷമായി അടച്ചിട്ടതായിരുന്നു. ‘സ്‌മൃതിപഥം’ എന്ന്‌ നാമകരണംചെയ്‌ത്‌ 29ന്‌ ഉദ്‌ഘാടനം നടത്താനിരിക്കുമ്പോഴാണ്‌ എംടിയുടെ മരണം. പുതുതായി നിർമിച്ച മൂന്ന് ഗ്യാസ് ചേമ്പറുകളിലൊന്നിലാണ് എം ടിയുടെ മൃതദേഹം സംസ്‌കരിച്ചത്‌.  
    പുതിയ കോംപ്ലക്സും നവീകരിച്ച പഴയ കോംപ്ലക്സും ചേർന്നുള്ളതാണ് ‘സ്മൃതിപഥം’. പഴയ ശ്മശാന കോംപ്ലക്സിൽ ഒരു ഇലക്ട്രിക് ശ്മശാനവും വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ശ്മശാനവും പരമ്പരാഗത രീതിയിലുള്ള രണ്ട് ശ്മശാനങ്ങളും ഉണ്ട്.  ഇവ നവീകരിച്ചതിന് പുറമെയാണ് വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൂന്ന് ചേമ്പറുകൾ കൂടി നിർമിച്ചു. പുകയോ ഗന്ധമോ പുറത്തുവരില്ല. സംസ്‌കാരശേഷം 60 ദിവസംവരെ ചിതാഭസ്‌മം സൂക്ഷിക്കാനുള്ള ലോക്കറുകൾ, സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി സംസ്‌കാരം തത്സമയം കാണാനുള്ള സൗകര്യം, അനുബന്ധ സാധനങ്ങൾ കിട്ടുന്ന കിയോസ്‌ക്‌, 24 മണിക്കൂറും സെക്യൂരിറ്റി, അനുസ്‌മരണ ചടങ്ങുകൾക്ക്‌ ഹാൾ എന്നീ സൗകര്യങ്ങളും നവീകരിച്ച ശ്‌മശാനത്തിലുണ്ട്‌. 
   2020 ഒക്‌ടോബറിലാണ്‌ എംഎൽഎ ഫണ്ടും കോർപറേഷൻ ഫണ്ടും ഉപയോഗിച്ച്‌ ശ്‌മശാനം നവീകരിക്കാൻ തീരുമാനിച്ചത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top