വടകര
മടപ്പള്ളി മറക്കില്ല എം ടിയുടെ രാഷ്ട്രീയ ദൃഢത വെളിവാക്കുന്ന പരാമർശം. രാജ്യം നോട്ട് നിരോധനത്തിന്റെ ദുരിതം പേറുന്ന കാലം. മടപ്പള്ളി ഗവ. കോളേജിലെ മലയാള വിഭാഗം സംഘടിപ്പിച്ച ‘എം ടി കാലം, -ദേശം’ സെമിനാർ. സഹൃദയരായ പൊതുജനങ്ങളും എം ടിയുടെ സർഗ സംഭാവനകളെ വിലയിരുത്താനെത്തിയിരുന്നു.
2016 നവംബർ 21, 22 തീയതികളിൽ നടന്ന സെമിനാറിന്റെ, ആദ്യനാളിലെ മുഖാമുഖത്തിലായിരുന്നു എം ടി നോട്ട് നിരോധനത്തിനെതിരെ പരസ്യമായി പ്രതികരിച്ചത്.
സൂപ്പർ താരങ്ങൾവരെ നോട്ടുനിരോധനത്തെ അനുകൂലിക്കുകയും ബിവറേജിന് മുന്നിൽ ക്യൂ നിൽക്കുന്ന മലയാളിക്ക് എന്തുകൊണ്ട് എടിഎം കൗണ്ടറിനുമുന്നിൽ വരിനിന്നുകൂടായെന്ന് ചോദിക്കുകയുംചെയ്ത കാലത്തായിരുന്നു എം ടിയുടെ പ്രതികരണം. മുഖാമുഖത്തിൽ 1000, 500 നോട്ടുകൾ പൊടുന്നനെ നിരോധിച്ചതിനെക്കുറിച്ചുള്ള ചോദ്യമെത്തിയപ്പോഴാണ് പ്രതികരിച്ചത്. ‘അതെന്നെ വ്യക്തിപരമായി ബാധിക്കുന്നില്ലെങ്കിലും വീട്ടുകാരെ പ്രയാസപ്പെടുത്തും. നിത്യജീവിത വിനിമയത്തിന് 2000 രൂപ തടസ്സമാവും. നമ്മുടെ കടകളിൽനിന്ന് അത് മാറിക്കിട്ടുക പ്രയാസം തന്നെയാണ്. ഇതിനൊരു പരിഹാരം തന്റെ കൈയിലുമില്ല.'എം ടി പറഞ്ഞു. കോളേജിലെ മലയാളം അധ്യാപകനും എഴുത്തുകാരനുമായ രാജേന്ദ്രൻ എടത്തും കരയാണ് അഭിമുഖം നടത്തിയത്. തുടർന്ന് സംഘപരിവാർ ശക്തികൾ മലയാളത്തിന്റെ അഭിമാനസ്തംഭത്തെ നിർദാക്ഷിണ്യം ആക്രമിച്ചു.
"നിർമാല്യം പോലൊരു സിനിമ ഇന്ന് എടുക്കാൻ കഴിയില്ല. ചെറിയ ചിന്തകൾ പങ്കുവെക്കുന്നവർവരെ കൊല്ലപ്പെടുന്ന കാലമാണിത്. കുറച്ചുകാലം കൂടി ജീവിക്കണമെന്നുണ്ട്. അതിനാൽ അത്തരം ചിന്തകൾക്കൊന്നും ഞാനില്ല’–- എം ടി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..