കോഴിക്കോട്
വടകര-–- മാഹി കനാൽ പദ്ധതിയ്‌ക്കായി ഭൂമി നൽകിയ ഉടമകൾക്കുള്ള നഷ്ടപരിഹാരം ഒരുമാസത്തിനുള്ളിൽ നൽകും. ജില്ലാ വികസന സമിതി യോഗത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. ജൽജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ നിശ്ചിത സമയത്തിനുള്ളിൽ പൂർവസ്ഥിതിയിലാക്കാൻ കരാറുകാരോട് ആവശ്യപ്പെട്ടതായി യോഗത്തിൽ അധ്യക്ഷനായ സബ് കലക്ടർ ഹർഷിൽ ആർ മീണ അറിയിച്ചു. പൂർവസ്ഥിതിയിലാക്കാത്ത ഗ്രാമീണ റോഡുകളുടെ കാര്യത്തിൽ പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം വിളിക്കും.
ലോകനാർകാവ് മ്യൂസിയം പദ്ധതിയുടെ നിർമാണം അടുത്ത ആഴ്ച തുടങ്ങും. കുറ്റ്യാടി ജലസേചന പദ്ധതിക്ക് കീഴിൽ സമഗ്ര കനാൽ നവീകരണത്തിന് 175 കോടിയുടെ നിർദേശം സർക്കാരിന് സമർപ്പിച്ചു. നാല് ഘട്ടങ്ങളിലായാണ് കനാലുകളുടെ നവീകരണം. ആദ്യഘട്ടത്തിൽ 45 കോടി രൂപ വേണ്ടിവരും. നബാർഡ് ഫണ്ടിന് ശ്രമിക്കുകയാണ്.
കുന്നമംഗലം ബിആർസി കെട്ടിട നിർമാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശിച്ചു. കുറ്റ്യാടി-–-പക്രംതളം ചുരം റോഡ് പുനരുദ്ധാരണ പ്രവൃത്തിക്ക് കരാർ നൽകി. മൂന്ന് റീച്ചായാണ് പ്രവൃത്തി.
യോഗത്തിൽ എംഎൽഎമാരായ കെ പി കുഞ്ഞമ്മദ്കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ, എഡിഎം കെ അജീഷ്, അസി. കലക്ടർ ആയുഷ് ഗോയൽ, ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..