23 December Monday

അതിജീവനത്തിന്റെ നൂലിഴ തേടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024
സ്വന്തം ലേഖിക
കോഴിക്കോട്‌
ഉൽപ്പാദനക്കുറവും തുച്ഛമായ കൂലിയും വിപണിയിൽ ആവശ്യക്കാരില്ലാത്തതും കാരണം പിടിച്ചുനിൽക്കാനാവാതെ കൈത്തറി മേഖല. പല കൈത്തറി സംഘങ്ങളും ഉൽപ്പാദനമില്ലാതെ നിർജീവമാകുന്നു.  തുച്ഛമായ കൂലി പോലും സമയബന്ധിതമായി ലഭിക്കാത്തതിനാൽ ഓരോ വർഷവും നിരവധിപേരാണ്‌ ഈ തൊഴിൽ രംഗം വിടുന്നത്‌. വിപണിയിലെ മത്സരത്തിൽ പിന്നോട്ടാവുമ്പോഴും വിവിധ പദ്ധതികളിലായി സർക്കാർ നൽകുന്ന  ധനസഹായത്തിലാണ്‌ സംഘങ്ങളുടെ നിലനിൽപ്പ്‌. 
ജില്ലയിൽ 28 കൈത്തറി സഹകരണ സംഘങ്ങളുണ്ടെങ്കിലും 16 എണ്ണം മാത്രമാണ്‌ സജീവം. 1704ലോളം നെയ്‌ത്തുകാരും അനുബന്ധ തൊഴിലാളികളുമുണ്ട്‌. നേരത്തെ 36 സംഘങ്ങളും ഒരു ലക്ഷത്തോളം നെയ്‌ത്തു തൊഴിലാളികളുമാണുണ്ടായിരുന്നത്‌.
മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി 2016ൽ  സർക്കാർ സ്‌കൂൾ യൂണിഫോം തയ്യാറാക്കൽ കൈത്തറിയെ ഏൽപ്പിച്ചിരുന്നു. അന്ന്‌  571 തറി പദ്ധതിയിൽ രജിസ്‌റ്റർ ചെയ്‌തിരുന്നതിപ്പോൾ  448 ആയി കുറഞ്ഞു. തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കുൾപ്പെടെയുള്ള കാരണങ്ങളാലാണ്‌ ഈ പിൻമാറ്റം. 
തൊഴിലാളികൾക്ക്‌ ദിവസം 150 മുതൽ 450 രൂപവരെയാണ്‌ കൂലി.  ഇതുപോലും സമയബന്ധിതമായി ലഭിക്കുന്നില്ല. കൂലി കുറവായതിനാൽ പുതിയ തലമുറ ഈ മേഖലയിലേക്ക്‌ വരുന്നില്ല. 60 വയസ്സിന്‌ മുകളിലുള്ളവരാണ്‌ ജോലിയിൽ തുടരുന്നവരിൽ ഏറെയും. 
ഗുണമേന്മയും ഉൽപ്പാദനച്ചെലവും കൂടുതലുള്ളതിനാൽ കൈത്തറി ഉൽപ്പന്നങ്ങൾക്ക്‌ താരതമ്യേന വില കൂടുതലുണ്ട്‌. അതേസമയം തമിഴ്‌നാട്ടിൽനിന്നുള്ള വിലകുറഞ്ഞ പവർ ലൂം  ഉൽപ്പന്നങ്ങൾ വിപണി കൈയടക്കുന്നത്‌ ഈ പരമ്പരാഗത തൊഴിൽ മേഖലയ്‌ക്ക്‌ ഭീഷണിയാണ്‌. വിപണനത്തിലെ കുറവ്‌ ഉൽപ്പാദനത്തെയും തൊഴിലാളികളുടെ കൂലിയെയും താഴോട്ടാക്കുന്നു. 
സ്ഥായിയായ വിപണന സൗകര്യമില്ലായ്‌മ, നൂതന വിപണന ശൃംഖലകളുടെയും ഉൽപ്പാദനത്തിനുള്ള നൂലിന്റെയും അപര്യാപ്‌തത, പുത്തൻ ഡിസൈനുകളൊരുക്കാനുള്ള സാങ്കേതിക സംവിധാനത്തിന്റെയും  പരിശീലനത്തിന്റെയും അഭാവം എന്നിവയും പ്രതിസന്ധിയുണ്ടാക്കുന്നു.  
കൈത്താങ്ങായി 
സർക്കാർ
പരമ്പരാഗത തൊഴിൽ മേഖലയെ നിലനിർത്താനായി സംസ്ഥാന സർക്കാർ ഇക്കാലയളവിനുള്ളിൽ  ഒട്ടേറെ ഇടപെടലുകളാണ്‌ നടത്തിയത്‌. 2024–-25 സാമ്പത്തിക വർഷം റിബേറ്റ്‌,  ആധുനികവൽക്കരണം തുടങ്ങിയ വിഭാഗത്തിലായി  53.83 ലക്ഷം രൂപ  കൈത്തറിക്കായി നൽകി. യുവജനങ്ങളെ  കൈത്തറി മേഖലയിൽ ആകർഷിക്കാനായി ആരംഭിച്ച ‘യുവ വീവ്‌’ പദ്ധതിക്കായി 1.87 ലക്ഷമാണ്‌ നൽകിയത്‌.   
2023–-24 കാലയളവിൽ അഞ്ച്‌ കോടിയും 2022–-23 ൽ 5.34 കോടി രൂപയുമായിരുന്നു ധനസഹായം. കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിയിൽ ഇതുവരെ  16.25 കോടി രൂപ കൂലി ഇനത്തിൽ നൽകിയത്‌ തൊഴിലാളികൾക്ക്‌ വലിയ ആശ്വാസമാണ്‌. ഒട്ടേറെ പ്രതിസന്ധികളിലൂടെ ഈ മേഖല മുന്നോട്ടുപോകുമ്പോഴും സർക്കാർ അനുവദിക്കുന്ന സാമ്പത്തിക സഹായമാണ്‌ സംഘങ്ങൾക്കും തൊഴിലാളികൾക്കും ആശ്വാസമാകുന്നതെന്ന്‌ ഡെപ്യൂട്ടി രജിസ്‌ട്രാർ കെ രാധാകൃഷ്‌ണൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top