03 December Tuesday
ദേശീയപാത വെങ്ങളം–രാമനാട്ടുകര റീച്ച്‌

പ്രവൃത്തി മാര്‍ച്ചില്‍ 
പൂര്‍ത്തിയാകും

സ്വന്തം ലേഖകന്‍Updated: Saturday Sep 28, 2024

നിർമാണ പ്രവൃത്തി പുരോഗമിക്കുന്ന ബെെപാസിലെ മലാപ്പറമ്പ് ജങ്ഷൻ

കോഴിക്കോട്‌
ദേശീയപാത വെങ്ങളം–-രാമനാട്ടുകര റീച്ച് വികസനം മാർച്ചിൽ പൂർത്തിയാകും. ജില്ലയിൽ 87 ശതമാനം പ്രവൃത്തിയും പൂർത്തിയായി. വെങ്ങളം–-രാമനാട്ടുകര റീച്ചിലുള്ള പന്തീരാങ്കാവ്‌, അഴിഞ്ഞിലം, തൊണ്ടയാട്‌, രാമനാട്ടുകര, വെങ്ങളം, പൂളാടിക്കുന്ന്‌ മേൽപ്പാലങ്ങളുടെ പ്രവൃത്തി പൂർ‌ത്തിയായി. 
പാലാഴിയിൽ മേൽപ്പാലം പൂർ‌ത്തിയായെങ്കിലും അപ്രോച്ച് റോഡ് പ്രവൃത്തി നടക്കുന്നുണ്ട്.
പുറക്കാട്ടിരി, മാമ്പുഴ എന്നിങ്ങനെ രണ്ട് പാലങ്ങളുടെ നിർമാണം പൂർത്തിയായി. അറപ്പുഴ പാലത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ​കോരപ്പുഴ പാലത്തിന്റെ  ​ഗർഡറുകൾ തയ്യാറായി. ഇവ പിടിപ്പിക്കുന്നതിന്റെയും സ്ലാബുകളുടെയും പ്രവൃത്തിയാണ് ബാക്കിയുള്ളത്. ഇതോടൊപ്പം അപ്രോച്ച് റോഡിന്റെ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. ഇത് പൂർത്തിയാകുന്ന മുറയ്‌ക്ക് പാലം തുറന്നുകൊടുക്കും. 
വേങ്ങേരിയിലെ വെഹിക്കിൾ ഓവർ പാസ്‌ നിർമാണം 90 ശതമാനം കഴിഞ്ഞു. പൈപ്പിടൽ പ്രവൃത്തിയാണ് ബാക്കിയുള്ളത്. എന്നാലും ഓവർപാസ് ​ഗതാ​ഗതത്തിനായി തുറന്നുനൽകിയിട്ടുണ്ട്. കോഴിക്കോട്‌–-ബാലുശേരി റൂട്ടിലെ വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്. രണ്ടാഴ്ചക്കകം മലാപ്പറമ്പ്‌ വെഹിക്കിൾ ഓവർപാസ്‌ നിർമാണം ആരംഭിക്കും. മലാപറമ്പ് ജങ്ഷനിൽ ജലവകുപ്പിന്റെ പൈപ്പുകളുണ്ട്. ഇവ കണ്ടെത്തി മാറ്റിയാൽ മാത്രമേ ഇവിടെ ജോലി ആരംഭിക്കാൻ സാധിക്കൂ. അതോടൊപ്പം റൂട്ടുകൾ വഴിതിരിച്ചുവിടേണ്ടിയും വരും.  
ജില്ലയിൽ 71.3 കിലോമീറ്റർ ദൂരത്തിലാണ്‌ ദേശീയപാത കടന്നുപോകുന്നത്‌. അഴിയൂർ – വെങ്ങളം റീച്ചിൽ വടകരയിൽ മേൽപ്പാലത്തിന്റെ തൂണുകളുടെ ഫൗണ്ടേഷൻ പ്രവൃത്തി പുരോഗമിക്കുകയാണ്‌. അഴിയൂർ–- വെങ്ങളം റീച്ചിലെ പ്രവൃത്തി അടുത്ത മേയിൽ പൂർത്തിയാക്കും. സംസ്ഥാന സർക്കാർ "മിഷൻ 2025' പദ്ധതി രൂപീകരിച്ചതോടെയാണ് പ്രവൃത്തികൾ ദ്രുതഗതിയിലായത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top