സ്വന്തം ലേഖകന്‍
കോഴിക്കോട്
പാഴ്‌വസ്തുക്കൾകൊണ്ടൊരുക്കിയ നിഴൽശിൽപ്പങ്ങളിലൂടെ മനുഷ്യ പരിണാമത്തിന്റെ യാഥാർഥ്യം തുറന്നുകാണിച്ച് നിഴൽശിൽപ്പ പ്രദർശനം. ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം കൃത്യമായി പഠിക്കാനുള്ള അവസരമാണ് മേഖലാ ശാസ്ത്ര കേന്ദ്രത്തിലാരംഭിച്ച പ്രദർശനം നൽകുന്നത്.
സ്വച്ഛ് ഭാരതിന്റെ ഭാഗമായാണ് പാഴ്‌വസ്തുക്കളുപയോഗിച്ച് നിഴൽശിൽപ്പങ്ങൾ ഒരുക്കിയത്. പാഴ്‌വസ്തുക്കളിൽനിന്ന് അലങ്കാര വസ്തുക്കൾ നിർമിക്കുന്നതിന് പകരമായി അവ വ്യത്യസ്ത രീതിയിൽ കൂട്ടിച്ചേർത്തും അടുക്കിവച്ചുമാണ് നിഴൽശിൽപ്പങ്ങളാക്കിയത്. ഇതിലേക്ക് പ്രത്യേകം വെളിച്ചസംവിധാനങ്ങൾ തെളിച്ചാണ് കാഴ്ചയൊരുക്കുന്നത്. ശാസ്ത്രകേന്ദ്രത്തിലെ സീനിയർ ടെക്നീഷ്യൻ കണ്ണൂർ ഇരിട്ടി സ്വദേശി ജസ്റ്റിൻ ജോസഫ് അഞ്ചുദിവസംകൊണ്ടാണ് ശിൽപ്പങ്ങൾ ഒരുക്കിയത്. പഴയ വസ്ത്രങ്ങൾ, കടലാസ്, പൊട്ടിയ പ്ലാസ്റ്റിക് സ്റ്റൂൾ, ഷൂ, കാർഡ് ബോർഡ്, ചാക്ക്, ചണനൂൽ തുടങ്ങിയവ ഉപയോഗിച്ചാണ് നിർമാണം. സ്ത്രീ രൂപങ്ങളാണ് ഒരുക്കിയത്. ജീവന്റെ ഉൽപ്പത്തിയിലെ ‘പുരോഗതിയുടെ പാതയെ’ മനുഷ്യപരിണാമമെന്ന് തെറ്റിദ്ധരിച്ചതിനെ ബോധവൽക്കരിക്കുകയാണ് പ്രദർശന ലക്ഷ്യം. ഇതിനായി ‘പ്രകൃതി നിർധാരണം’ ഉൾപ്പെടെയുള്ള സാങ്കേതിക വസ്തുതകൾ പ്രദർശനത്തോടൊപ്പം വിശദമാക്കും. ജീവന്റെ ഉത്ഭവം സംബന്ധിച്ച പരിണാമ വൃക്ഷത്തിന്റെ ചിത്രവും സമീപത്ത് ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച വരെ പ്രദർശനം തുടരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..