സ്വന്തം ലേഖകൻ
കോഴിക്കോട്
പൊതുമരാമത്ത് വകുപ്പ് നഗരത്തിൽ നവീകരിക്കുന്ന മൂന്ന് പാലങ്ങളുടെയും പ്രവൃത്തി പൂർത്തിയായി. സിഎച്ച് മേൽപ്പാലം നവീകരണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചതിന് പിറകെയാണ് മാങ്കാവ്, എ കെ ജി, കല്ലുത്താൻകടവ് മേൽപ്പാലങ്ങൾ നവീകരിച്ച് വികസനപാതയിൽ പുതുചരിത്രം രചിച്ചത്. എ കെ ജി മേൽപ്പാലത്തിൽ ചില മിനുക്കുപണികളേ ഇനി അവശേഷിക്കുന്നുള്ളു. ഇത് രണ്ടുദിവസത്തിനകം പൂർത്തിയാകും. ഇതോടെ നഗരത്തിലെ മേൽപ്പാലങ്ങളുടെയെല്ലാം നവീകരണം പൂർത്തിയായി.
കാലപ്പഴക്കത്താലുണ്ടായ കേടുപാട് പരിഹരിച്ച് പാലങ്ങൾക്ക് കരുത്തും അഴകും കൂട്ടിയാണ് നവീകരിച്ചത്. ഉപ്പുകാറ്റ് ഏൽക്കുന്ന പ്രദേശമായതിനാൽ ആന്റി കാർബണേഷനും നടത്തി. പുതിയ പ്രകാശസംവിധാനങ്ങളുമൊരുക്കി.
സിഎച്ച് മേൽപ്പാലം നവീകരണം ഡൽഹി ആസ്ഥാനമായുള്ള സ്‌ട്രക്‌ചറൽ സ്‌പെഷ്യാലിറ്റിയാണ് മൂന്നുപാലത്തിന്റെയും കരാർ ഏറ്റെടുത്തത്. മൂന്നരപ്പതിറ്റാണ്ടിലേറെ പഴക്കമുള്ള ഫ്രാൻസിസ് റോഡിലെ എ കെ ജി മേൽപ്പാലം മൂന്നര കോടി രൂപ ചെലവിട്ടാണ് നവീകരിച്ചത്. സിഎച്ച് മേൽപ്പാലം മാതൃകയിൽ തുരുമ്പ് നീക്കി കാഥോഡിക് പ്രൊട്ടക്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പാലങ്ങൾ നവീകരിച്ചത്. തൂണുകൾ ബലപ്പെടുത്തി, കൈവരികൾ പുനർനിർമിച്ചു.
ചരക്കുവാഹനങ്ങളുൾപ്പെടെ നഗരത്തിലേക്കെത്തുന്ന പ്രധാന മേൽപ്പാലമാണ് എ കെ ജി മേൽപ്പാലം. നവംബറിലാണ് പ്രവൃത്തി ആരംഭിച്ചത്. ഗതാഗതം വഴിതിരിച്ചുവിടുന്നത് വലിയ കുരുക്കിന് ഇടയാക്കുമെന്നതിനാൽ റോഡ് തടസ്സപ്പെടുത്താതെയായിരുന്നു പ്രവൃത്തി. ഇതാണ് പ്രവൃത്തിയുടെ വേഗം കുറയാൻ ഇടയാക്കിയത്. 267 മീറ്ററാണ് നീളം. 1986ലാണ് തറക്കല്ലിട്ടത്. 2021 ൽ പാലത്തിന് ബലക്ഷയമുണ്ടെന്ന് കേരള ഹൈവേ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് കണ്ടെത്തിയതിനെ തുടർന്നാണ് പാലം നവീകരിച്ചത്.
മീഞ്ചന്ത-–അരയിടത്തുപാലം ബൈപാസ് റോഡിലെ മാങ്കാവ് പാലത്തിന്റെയും നവീകരണവും പൂർത്തിയായി. 97 മീറ്ററുള്ള മാങ്കാവ് പാലത്തിൽ 1.18 കോടി രൂപയുടെയും 2 മീറ്റർ നീളമുള്ള കല്ലുത്താൻകടവിൽ 1.49 കോടി രൂപയുടെയും പ്രവൃത്തിയുമാണ് പൂർത്തീകരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..