കോഴിക്കോട്
സ്കൂള്‍ കലോത്സവങ്ങളിലെ കുട്ടികളുടെ സര്‍ഗരചനകള്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നു. ജനുവരിയിൽ കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാരചന, കഥാരചനാ മത്സരങ്ങളിൽ പങ്കെടുത്തവരുടെ സൃഷ്ടികളാണ് പുസ്തകരൂപത്തിൽ വരുന്നത്.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശീയ കലാസാഹിതി ട്രസ്റ്റ് അധ്യാപക കൂട്ടായ്മ നേതൃത്വത്തിലാണ് ‘അക്ഷരം ഉത്സവം' എന്ന പേരിൽ സമാഹാരം പുറത്തിറക്കുന്നത്.
ഹൈസ്കൂൾ, ഹയർ സെക്കന്‍ഡറി വിഭാഗങ്ങളിൽ പങ്കെടുത്ത 56 പേരുടെ കഥകളും കവിതകളുമാണ് പുസ്തകത്തില്‍. കവിതായനം, കഥായനം എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. സ്വന്തമായി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചവരും തങ്ങളുടെ രചനകൾക്ക് ഇതുവരെ അച്ചടി മഷി പുരളാത്തവരും ഈ കൂട്ടത്തിൽ ഉണ്ട്. സാഹിത്യകാരി കാസർകോട് സ്വദേശി സിനാഷയുടെയും മികച്ച ബാലനടനുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്കൽ അവാർഡ് നേടിയ ആലപ്പുഴയിലെ ആകാശ് രാജിന്റെയും കവിതകൾ സമാഹാരത്തിലുണ്ട്.
അരിക്കുളം കെപിഎംഎസ്എം ഹയർ സെക്കന്‍ഡറി സ്കൂൾ റിട്ട. പ്രിൻസിപ്പല്‍ സതീഷ് ബാബു പൊയിൽ ആണ് എഡിറ്റർ.
സ്വന്തം രചനകൾ പ്രസിദ്ധീകരിക്കുന്നത് കുട്ടികളുടെ സാഹിത്യരചനാ മേഖലയിലെ തുടർസാന്നിധ്യത്തിന് ഗുണമാകുമെന്ന് ദേശീയ കലാ സാഹിതി ട്രസ്റ്റ് സെക്രട്ടറി പൃഥ്വീരാജ് മൊടക്കല്ലൂർ പറഞ്ഞു. 29ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ പുസ്തകം പ്രകാശിപ്പിക്കും. മന്ത്രി എ കെ ശശീന്ദ്രനിൽനിന്ന് യു കെ കുമാരൻ ഏറ്റുവാങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..