കോഴിക്കോട്
വർണപ്പൊടികൾ വാരിവിതറിയും ചായങ്ങൾ മുഖത്തും വസ്‌ത്രത്തിലും തേച്ചും അവസാന പരീക്ഷയ്ക്കൊടുവിൽ സൗഹൃദത്തെ ആഘോഷിച്ച് യാത്രപറയാൻ കൊതിച്ചവരാണ് അവരും. പക്ഷേ മാസ്‌കുകൾക്ക് പുറത്തുകണ്ട കണ്ണുകളിൽ ആഘോഷമായിരുന്നില്ല.
ഒരിക്കൽ തോളിലിട്ടും ചേർത്തുപിടിച്ചും നടന്ന കൈകൾകൊണ്ട് അകന്നിരുന്ന് അവർ യാത്ര പറഞ്ഞു. കൂടിനിന്ന് സൊറ പറഞ്ഞില്ല, ചിരിച്ചില്ല. അകലം സൂക്ഷിച്ച് നല്ല വിജയത്തിനായി ആശംസിക്കുന്നതിനൊപ്പം മാസ്‌കില്ലാതെ പ്രിയ ചങ്ങാതിമാരെ കാണാൻ വേഗം സാധിക്കട്ടെ എന്ന ആഗ്രഹവും കാണാമായിരുന്നു. എസ്‌എസ്‌എൽസി പരീക്ഷയുടെ ചരിത്രത്തിൽ പതിവില്ലാത്ത അനുഭവങ്ങളുടെയും കാഴ്‌ചയുടെയും ദിനമായിരുന്നു വ്യാഴാഴ്‌ച. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സൗഹൃദത്തിനും അതിരിടുകയായിരുന്നു കുട്ടികൾ. രസതന്ത്രമായിരുന്നു അവസാന പരീക്ഷ.
കഴിഞ്ഞ വർഷം വരെ അവസാന പരീക്ഷ കഴിഞ്ഞ് പോകുന്ന സമയങ്ങളിൽ വിദ്യാർഥികൾ ചായങ്ങൾ തേച്ചും മറ്റും തമാശകൾ കാണിച്ചാണ് മടങ്ങാറ്. സ്‌കൂൾ പരിസരങ്ങളിലുള്ള പൊലീസും സന്നദ്ധ സംഘടനാ പ്രവർത്തകരും അധ്യാപകരും കോവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കാൻ മുൻപന്തിയിലുണ്ടായി. ജില്ലയിലാകെ 44588 വിദ്യാർഥികളാണ് എസ്‌എസ്‌എൽസി പരീക്ഷ എഴുതാനായി രജിസ്‌റ്റർ ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..