23 December Monday
കന്നുകാലികളിൽ വാക്‌സിനേഷൻ ശക്തമാക്കും

വീണ്ടും കുളമ്പ്‌ രോഗവും ചർമ മുഴയും

സ്വന്തം ലേഖികUpdated: Monday Jul 29, 2024
കോഴിക്കോട്‌
ഇടവേളയ്‌ക്ക്‌ ശേഷം ജില്ലയിൽ  കന്നുകാലികൾക്കിടയിൽ വീണ്ടും കുളമ്പ്‌ രോഗവും ചർമ മുഴയും.  10 തദ്ദേശ സ്ഥാപനങ്ങളിലായി 20 കന്നുകാലികൾക്കാണ്‌ രണ്ടാഴ്‌ചക്കുള്ളിൽ രോഗം പിടിപെട്ടത്‌. രോഗം വ്യാപകമായി  റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ  ആഗസ്‌ത്‌ ഒന്ന്‌ മുതൽ രണ്ട്‌ രോഗങ്ങൾക്കുമുള്ള വാക്‌സിനേഷൻ വിതരണത്തിന്‌ ഒരുങ്ങുകയാണ്‌ ജില്ലാ മൃഗസംരക്ഷണ വകുപ്പ്‌. 
കോഴിക്കോട്‌ കോർപറേഷൻ, തിരുവമ്പാടി, ഓമശേരി, കോടഞ്ചേരി, കാവിലുംപാറ, പനങ്ങാട്‌, ചാത്തമംഗലം, കോട്ടൂർ, കൊടിയത്തൂർ, മൂടാടി എന്നിവിടങ്ങളിലാണ്‌ രോഗം പകരുന്നത്‌.  പശു, എരുമ വിഭാഗത്തിലാണ്‌  രോഗബാധ. ഒമ്പത്‌ മാസം മുമ്പാണ്‌   ജില്ലയിൽ രോഗം റിപ്പോർട്ട്‌ ചെയ്‌തത്‌. 
തമിഴ്‌നാട്‌ ഉൾപ്പെടെ  ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ വളർത്താനെത്തിക്കുന്ന കന്നുകാലികളിൽനിന്നാണ്‌ രോഗം പകരുന്നത്‌.   ഇവിടെ വാക്‌സിനേഷൻ   കാര്യക്ഷമമായി നടത്തുന്നതിനാൽ തദ്ദേശീയമായി വളർത്തുന്ന കന്നുകാലികളിൽ രോഗബാധ കുറവായിരുന്നു.  വാക്‌സിൻ നൽകാൻ ചില  കർഷകർ മടിക്കുന്നതും രോഗപകർച്ച‌ക്ക്‌ ഇടയാക്കുന്നുണ്ട്‌. 
   കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ പുതിയ തീരുമാനമനുസരിച്ച്‌  ഇരു രോഗങ്ങൾക്കും ഇനി ഒന്നിച്ചാണ്‌ വാക്‌സിൻ നൽകുക. ഇതിനായി  അതത്‌ തദ്ദേശ സ്ഥാപനങ്ങളിലെ മൃഗ സംരക്ഷണ വകുപ്പ്‌ ഉദ്യോഗസ്ഥർ കർഷകരുടെ അരികിലെത്തും. 
കുളമ്പുരോഗവും  ചർമ മുഴയും  വന്നാൽ  പാൽ ഉൽപ്പാദന ക്ഷമത കുറയും.  കുളമ്പ്‌ രോഗം വന്നാൽ  ദേഹത്ത്‌ വൃണങ്ങളും മറ്റുമുണ്ടായി ആരോഗ്യം ക്ഷയിക്കും. ജീവൻ നഷ്‌ടപ്പെടാനും കാരണമായേക്കാം. തൊലിക്കടിയിൽ ചെറിയ മുഴകളായി കാണുന്നതാണ്‌ ചർമ മുഴ. ഇത്‌ പൊട്ടി ഒലിച്ച്‌ അസ്വസ്ഥതകളുണ്ടാക്കും.  കന്നുകാലികളുടെ ജീവനും ഭീഷണിയാണിത്‌. രോഗം പകരുന്ന സാഹചര്യത്തിൽ ക്ഷീര കർഷകർ ആശങ്കയിലാണ്‌. 
കർഷകർ മുന്നോട്ട്‌ വരണം : ഡോ. സി സലാഹുദ്ദീൻ 
കന്നുകാലികൾക്ക്‌  വാക്‌സിനെടുക്കാൻ ക്ഷീര കർഷകർ മുന്നോട്ട്‌ വരണമെന്ന്‌ ജില്ലാ ചീഫ്‌ വെറ്ററിനറി ഓഫീസർ ഡോ. സി സലാഹുദ്ദീൻ പറഞ്ഞു. പാലുൽപ്പാദനം കുറച്ച്‌  വലിയ സാമ്പത്തിക നഷ്‌ടത്തിനിടയാക്കുന്ന  രോഗങ്ങളാണിത്‌.   മുഴുവൻ കന്നുകാലികളെയും വാക്‌സിൻ നൽകിയാലേ ഇരു രോഗങ്ങളും നിർമാർജനംചെയ്യാൻ സാധിക്കൂ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top