26 December Thursday

ചത്തകോഴിയുടെ ഇറച്ചിവിറ്റ ചിക്കൻ കട പൂട്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024
തലക്കുളത്തൂർ
ചത്തകോഴിയുടെ ഇറച്ചിവിറ്റതിന് അണ്ടിക്കോട്ടെ സിപിആർ ചിക്കൻ കട തലക്കുളത്തൂർ പഞ്ചായത്തും എലത്തൂർ പൊലീസും ആരോഗ്യവിഭാഗവും ചേർന്ന് അടച്ചുപൂട്ടി ലൈസൻസ്‌ റദ്ദാക്കി. കടയിൽനിന്ന് 33 കിലോ ചത്ത കോഴികളെയും കണ്ടെടുത്തു. കടയിലുണ്ടായിരുന്ന അതിഥി തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കട പൂട്ടി സീൽ വയ്‌ക്കുകയും ചെയ്‌തു. ഇവിടെ മറ്റു കടകളെക്കാൾ 40 രൂപ വിലകുറച്ചാണ് ഇറച്ചിവിറ്റിരുന്നത്.  ജൂലൈയിലാണ് കടയ്‌ക്ക്‌  ലൈസൻസ് ലഭിച്ചത്. 
അതിഥി തൊഴിലാളികൾ മാത്രമാണ്‌ കടയിൽ ജീവനക്കാരായുള്ളത്‌. രണ്ടുതവണ പഞ്ചായത്ത് ആരോഗ്യവിഭാഗം ഇവിടെ പരിശോധന നടത്തിയിരുന്നു. ചൊവ്വാഴ്ച ഇവിടെനിന്ന് ഇറച്ചിവാങ്ങിയ രണ്ടുപേർക്ക്‌ കഴുകുന്നതിനിടെ ദുർഗന്ധം അനുഭവപ്പെട്ടു. കടയിൽ ചത്ത കോഴികളെ കൂട്ടിയിട്ടിരിക്കുന്നത്‌ ശ്രദ്ധയിൽപെട്ട നാട്ടുകാർ പഞ്ചായത്തിനെ അറിയിച്ചതിനെ തുടർന്നാണ്‌ എലത്തൂർ പൊലീസും ആരോഗ്യവിഭാഗവും പരിശോധന നടത്തിയത്‌.  തുടർന്ന്‌ ബുധനാഴ്ച രാവിലെ തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളയും ആരോഗ്യവിഭാഗവും എലത്തൂർ പൊലീസും കട തുറന്ന് വിശദ പരിശോധന നടത്തി.   ഫുഡ് ആൻഡ്‌ സേഫ്റ്റി വിഭാഗവും സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. സിപിആറിന്റെ എരഞ്ഞിക്കലിലെ കടയിൽ 3 വർഷം മുമ്പ് വലിയതോതിൽ ചത്ത കോഴികളെ പിടികൂടിയതിനെ തുടർന്ന്‌ ലൈസൻസ് റദ്ദാക്കിയിരുന്നു. ഹെൽത്ത് ഇൻസ്‌പെക്ടർ സജിനി, ജെഎച്ച്‌ഐ രമേശ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ നിഷ, എലത്തൂർ എസ്‌ഐ വാസുദേവൻ, പഞ്ചായത്തംഗങ്ങൾ എന്നിവരും സ്ഥലത്തെത്തി. 
ലാഭത്തിനുവേണ്ടി ദുർഗന്ധം വമിക്കുന്ന കോഴിയിറച്ചി വിറ്റവർക്ക് ലൈസൻസ് പുതുക്കിനൽകില്ലെന്ന് തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top