കോഴിക്കോട്
മുഴുവൻ ഭിന്നശേഷിക്കാർക്കും അടിസ്ഥാന രേഖകൾ ഉറപ്പാക്കി വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ‘സഹമിത്ര’ പദ്ധതി ഒരുങ്ങുന്നു. ജില്ലാ ഭരണകേന്ദ്രത്തിന് കീഴിലാണ് പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. ക്യാമ്പുകൾ സംഘടിപ്പിച്ച് മുഴുവൻ അടിസ്ഥാന രേഖകളും ലഭ്യമാക്കി ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കുകയാണ് ലക്ഷ്യം. ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് തടസ്സപ്പെടാതിരിക്കാനായാണ് ഈ ഉദ്യമം. ഇതിന്റെ ഭാഗമായി ബുധനാഴ്‌ച സെന്റ് ജോസഫ്സ് ദേവഗിരി കോളേജിൽ മെഗാ ഡാറ്റ എൻട്രി ക്യാമ്പ് സംഘടിപ്പിച്ചു.
ഏത് ആനുകൂല്യം ലഭിക്കണമെങ്കിലും യുഡിഐഡി കാർഡ് നിർബന്ധമാണ്. എന്നാൽ ഭിന്നശേഷിക്കാരിൽ പലർക്കും ഇതില്ല. ക്യാമ്പുകളിലൂടെ എല്ലാവർക്കും തൻമുദ്ര രജിസ്‌ട്രേഷനും യുഡിഐഡി കാർഡും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുമാണ് ലഭ്യമാക്കുക.
അടുത്ത മാസത്തോടെ ഭിന്നശേഷി വിവര രജിസ്‌ട്രേഷൻ പൂർത്തിയാക്കും. കോളേജ് വിദ്യാർഥികൾ, എൻഎസ്എസ്, ക്യാമ്പസസ് ഓഫ് കോഴിക്കോട് വളന്റിയർമാർ, കലക്ടറുടെ ഇന്റേർണുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പുകൾ നടത്തുന്നത്.
ഇതുവരെ നടന്ന ക്യാമ്പുകളിലായി ഇരുപതിനായിരത്തിലേറെ പേരുടെ വിവരങ്ങൾ തൻമുദ്ര വെബ്‌സൈറ്റിലും ഒൻപതിനായിരത്തോളം പേരുടെ വിവരങ്ങൾ യുഡിഐഡി പോർട്ടലിലും രജിസ്റ്റർചെയ്തു.
മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് പ്രത്യേക ക്യാമ്പുണ്ടാകും.
ക്യാമ്പിൽ സെന്റ് ജോസഫ്സ് ദേവഗിരി കോളേജ്, പ്രൊവിഡൻസ് വിമൻസ് കോളേജ്, വെസ്റ്റ്ഹിൽ ഗവ. എൻജിനിയറിങ് കോളേജ്, നടക്കാവ് ഹോളി ക്രോസ് കോളേജ് എന്നിവിടങ്ങളിൽനിന്നുള്ള 500ലേറെ വിദ്യാർഥി വളന്റിയർമാരും എൻഎസ്എസ് പ്രവർത്തകരും പങ്കെടുത്തു. കലക്ടർ സ്‌നേഹിൽ കുമാർ സിങ് ക്യാമ്പ് സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..