17 September Tuesday

അമ്പട ചോദ്യമേ; ഇതാ ഉത്തരം

സ്വന്തം ലേഖകൻUpdated: Thursday Aug 29, 2024

മെഡിക്കല്‍ കോളേജ് ക്യാമ്പസ് ജിഎച്ച്എസ്എസില്‍ നടന്ന അക്ഷരമുറ്റം കോഴിക്കോട് റൂറൽ ഉപജില്ലാ മത്സരത്തിൽനിന്ന്‌

വടകര
മുന്നിലെ സ്‌ക്രീനിൽ ഒരു ചിത്രം തെളിഞ്ഞു. കുറച്ച്‌ ആഴ്‌ചകളായി പത്രത്തിലും ടിവിയിലുമെല്ലാം വാർത്തകളിൽ നിറഞ്ഞ ഒരു ഏഷ്യൻ രാജ്യത്തിന്റെ പതാകയാണ്‌. ചോദ്യമെത്തിയതും ശരവേഗത്തിൽ ഉത്തരത്തിലേക്ക്‌ കുതിച്ചു എൽപി ക്ലാസിലെ മിടുക്കർ. ‘ബംഗ്ലാദേശ്‌’–- ശരിയുത്തരം എഴുതി മാർക്ക്‌ വാങ്ങിയതിന്റെ ആഹ്ലാദം പല മുഖങ്ങളിൽ പടർന്നു. പാരിസ്‌ ഒളിമ്പിക്‌സും പൊതുവിജ്ഞാനവും ശാസ്‌ത്രവും ഭാഷയുമെല്ലാം ചോദ്യങ്ങളായപ്പോൾ അറിവുത്സവം ആഘോഷമാക്കി വിദ്യാർഥികൾ.
പാരിസ്‌ ഒളിമ്പിക്‌സ്‌ കഴിഞ്ഞതേയുള്ളൂ. സ്‌ക്രീനിൽ തെളിഞ്ഞ മലയാളിയുടെ അഭിമാനതാരത്തെ എല്ലാവർക്കും അറിയാം. ചോദ്യം വരുംമുമ്പേ ഒളിമ്പിക്‌സ്‌ വെങ്കല മെഡലുമായി വിരമിച്ച ഹോക്കി ഇന്ത്യൻ ടീം ക്യാപ്‌റ്റന്റെ പേരെഴുതാൻ കുതിച്ച മിടുക്കന്മാരെ ക്വിസ്‌ മാസ്‌റ്റർ തടഞ്ഞു. പിന്നാലെ വന്നു കുഴക്കുമെന്ന്‌ കരുതിയ ചോദ്യം: ‘പി ആർ ശ്രീജേഷ് വിരമിച്ചപ്പോൾ മികവിനുള്ള അംഗീകാരമായി അദ്ദേഹത്തിന്റെ ജേഴ്സി നമ്പറും വിരമിച്ചതായി ഹോക്കി ഫെഡറേഷൻ പ്രഖ്യാപിച്ചു. ഏതാണ്‌ ആ നമ്പർ?’. ഹമ്പട ചോദ്യമേ എന്ന്‌ മൂക്കിനു വിരലുവച്ചു ചിലർ. അങ്ങനെ ക്വിസ്‌ മാസ്‌റ്റർക്ക്‌ പോയിന്റ്‌ തരില്ലെന്നുറപ്പിച്ച മത്സരാർഥികൾ ഉത്തരം എഴുതി എഴുന്നേറ്റുനിന്നു. ‘16’–- ശരിയുത്തരത്തിന്‌ സ്‌കോർ ബോർഡിൽ മാർക്ക്‌ തെളിഞ്ഞു. 
ഭഗത്‌സിങ്ങിനൊപ്പം തൂക്കിലേറ്റപ്പെട്ട രണ്ട്‌ ധീര ദേശാഭിമാനികളെ എല്ലാവർക്കും അറിയാം–- രാജ് ഗുരു, സുഖ്ദേവ്. ഒരു പേരുമാത്രം എഴുതിയവരെയും വിഷമിപ്പിച്ചില്ല. അര മാർക്ക്‌ പോക്കറ്റിൽ. ‘ചോര തുടിക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങൾ...’ ആരുടെ കവിതയെന്ന്‌ ചോദിച്ചതും വൈലോപ്പിള്ളിയുടെ പേര്‌ ഉത്തരക്കടലാസിൽ.  ഉത്തരമറിയുന്നതിന്റെ ആനന്ദവും ചോദ്യമെത്തുംമുമ്പുള്ള ആകാംക്ഷയും എഴുതിത്തെറ്റിയതിലെ നിരാശയുമായി മത്സരം മുന്നോട്ട്‌.
ഭാരം 100 ഗ്രാം അധികമായെന്നതിനാൽ അർഹമായ വെള്ളിമെഡൽ നഷ്ടമായെങ്കിലും പോരാട്ടവീര്യംകൊണ്ട് നമ്മുടെ മനം കവർന്ന ഇന്ത്യൻ ഗുസ്തി താരം ആരെന്ന്‌ കേട്ടതും മറിച്ചൊന്ന്‌ ആലോചിച്ചില്ല യുപി വിദ്യാർഥികൾ. ‘വിനേഷ് ഫോഗട്ട്’–- വാർത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞ ഇന്ത്യയുടെ അഭിമാനതാരത്തിന്റെ പേരെഴുതി മാർക്ക്‌ നേടി. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്‌ നേടിയ രണ്ടു നടിമാരിൽ ഒരാൾ ഉർവശിയാണ്‌. അവർക്കൊപ്പം അവാർഡ്‌ നേടിയ അധ്യാപിക ആരാണ്? ബീന ആർ ചന്ദ്രൻ–- വാർത്ത വായിച്ചു മറന്നില്ലെന്ന്‌ മറുപടിയായി ശരിയുത്തരം.
ചരിത്രവും കണക്കുമെല്ലാം കളറാക്കിയതാണ്‌ ഹൈസ്‌കൂളുകാരുടെ മത്സരം. കെവിൻ സിസ്ട്രോമും മൈക്ക് ക്രീഗറും ചേർന്ന് രൂപീകരിച്ച ഏറെ പ്രസിദ്ധമായ സമൂഹമാധ്യമം ഏതെന്ന്‌ അവസാന ചോദ്യം. ‘ഇൻസ്‌റ്റഗ്രാം’ അല്ലേ മാഷേയെന്ന്‌ ഉത്തരം. ചാറ്റ് ജിപിടിക്ക് ബദലായ ഗൂഗിളിന്റെ ചാറ്റ് ബോട്ട് ഏതെന്ന്‌ എഴുതിയും LiFiയുടെ പൂർണരൂപമെഴുതിയും പോയിന്റ്‌ വാരിയെടുത്തു ഹയർസെക്കൻഡറിക്കാർ. പഠിച്ചതും വായിച്ചതുമെല്ലാം ചോദ്യമായെത്തിയപ്പോൾ അക്ഷരമുറ്റത്ത്‌ ഉത്സവം പൊടിപൊടിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top