05 November Tuesday

തീരാ 
നോവായ്...

വി ബൈജുUpdated: Sunday Sep 29, 2024

ഷിരൂരിൽ മരണപ്പെട്ട അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിൽ എത്തിച്ചപ്പോൾ ഫോട്ടോ: വി കെ അഭിജിത്

കോഴിക്കോട്
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയവരുൾപ്പെടെ ആയിരങ്ങളാണ് അർജുനെ അവസാനമായി കാണാനെത്തിയത്. അഴിയൂര്‍ മുതല്‍ കണ്ണാടിക്കല്‍ അമരാവതി വീട് വരെയുള്ള വിലാപയാത്രയിൽ  നാടൊന്നാകെ ഹൃദയം പൊട്ടിനിന്നു. ജന്മനാട്ടിലേക്കുള്ള അവസാനയാത്രയിൽ അവനറിയാത്ത ആയിരങ്ങള്‍ കണ്ണീരിൽ കുതിർന്ന യാത്രമൊഴിയേകി. വെള്ളി  വൈകിട്ട്‌ ആറരയോടെ കാർവാർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ  നിന്ന്‌ മൃതദേഹവുമായി പുറപ്പെട്ട ആംബുലൻസ്‌  ശനി  പുലർച്ചെ 5.15 ഓടെ ജില്ലാ അതിർത്തിയായ അഴിയൂരിൽ എത്തി. മന്ത്രി എ കെ ശശീന്ദ്രൻ  അവിടെ നിന്ന്‌ മൃതദേഹം ഏറ്റുവാങ്ങി. എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ കെ രമ, കലക്ടർ സ്നേഹിൽ കുമാർ സിങ് എന്നിവരും അഴിയൂരിലെത്തി. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, റെസ്‌ക്യു വിദഗ്‌ധൻ ഈശ്വർ മാൽപെ, അർജുന്റെ സഹോദരൻ അഭിജിത്ത്, സഹോദരീ ഭർത്താവ് ജിതിൻ എന്നിവരാണ് ആംബുലൻസിന് ഒപ്പമുണ്ടായിരുന്നത്. ഇവിടെനിന്ന് ആംബുലന്‍സ് പൂളാടിക്കുന്നിലേക്ക് നീങ്ങി. എംഎൽഎമാരായ കെ എം സച്ചിൻദേവ്, ലിന്റോ ജോസഫ്, ടി സിദ്ധിക്ക് എന്നിവരുടെ നേതൃത്വത്തിൽ ലോറി ഉടമകളും നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരുമടക്കം നൂറുകണക്കിന് പേർ ഇരുചക്രവാഹനങ്ങളിലും ലോറികളിലും മറ്റും   ആംബുലൻസിനെ അനുഗമിച്ച് യാത്ര തുടർന്നു. 
റോഡിനിരുവശവും ആദരാഞ്ജലി അർപ്പിച്ചുള്ള നിരവധി ബോർഡുകൾ. പൂളാടിക്കുന്ന്, വേങ്ങേരി, മലാപ്പറമ്പ് വഴിയാണ് കണ്ണാടിക്കൽ ബസാറിലെത്തിയത്. കണ്ണാടിക്കൽ ബസാറിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി അഭിവാദ്യമര്‍പ്പിച്ചു. വിലാപയാത്രയായി  മൃതദേഹം അമരാവതിയിൽ  എത്തിച്ചു.  വീട്ടിലേക്കുള്ള വഴികളിൽ  പൊലീസ് ഗതാഗത ക്രമീകരണം ഒരുക്കിയിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തില്‍ വീട്ടിൽ മറ്റു ക്രമീകരണങ്ങളും ഒരുക്കി.
 
മനസ്സിലാണ് പ്രിയപ്പെട്ടവനെ ഇനി നീ
കോഴിക്കോട്
അർജുന്റെ വീട്ടിലേക്ക് കണ്ണാടിക്കലിൽനിന്നും കക്കോടിയിൽനിന്നും എത്താം. തങ്ങളുടെ പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്കുകാണാൻ രണ്ട് ദിശയിലുള്ള  വഴികളിലും ഒരു കിലോമീറ്ററോളം ആളുകൾ ഘനീഭവിച്ച ദുഃഖവുമായി കാത്തുനിന്നു. 72 ദിവസമാണ് അർജുൻ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ അവർ നോക്കിയിരുന്നത്. പിന്നെയും രണ്ടുദിവസം കഴിഞ്ഞ്‌ എത്തിയതാകട്ടെ ചേതനയറ്റ ശരീരമായി. ഒരു നോക്കുകാണാൻ നാട്ടുകാർക്ക് പൊള്ളുന്ന ചൂടും ദൂരവും സമയവും ഒന്നുമല്ലാതായി. നനഞ്ഞ കണ്ണുമായി അവർ പ്രിയന്‌ അന്ത്യാഭിവാദ്യമേകി. കണ്ണൂരിൽനിന്നെത്തിയ ലോറി ഡ്രൈവർമാർ, നാദാപുരത്തുനിന്നെത്തിയ കൂലിപ്പണിക്കാർ, ചുറ്റുവട്ടത്തെ അമ്മമാരും കുട്ടികളും തുടങ്ങി നിരവധി ആളുകൾ റോ‍ഡിൽ നിറഞ്ഞിരുന്നു. ചിലർ ഒരു പിടി പൂ നൽകി, ചിലരാകട്ടെ പുഷ്പചക്രം അർപ്പിച്ചു. നെഞ്ചുപൊട്ടിയാണ്‌ അടുത്ത കൂട്ടുകാർ വിടയേകിയത്. സജീവ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന അർജുന്‌ മുദ്രാവാക്യത്തോടെ പ്രവർത്തകർ അന്ത്യാഭിവാദ്യമര്‍പ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top