23 December Monday

കടത്തുന്നത് വളം നിർമാണ കമ്പനികളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

പിടിച്ചെടുത്ത ചെറുമത്സ്യം (ഫയൽ ചിത്രം)

ബേപ്പൂർ 
ചെറുമത്സ്യങ്ങളെയും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളെയും അനധികൃതമായി പിടിച്ചെടുത്ത്‌ വളം നിർമാണ കമ്പനികളിലേക്ക് കയറ്റി അയക്കുന്നത്‌ വ്യാപകം. ബേപ്പൂർ ഹാർബറിൽനിന്ന്‌ നിത്യവും 100 മുതൽ 400 വരെ ടൺ മത്സ്യമാണ് വളവും മറ്റ്‌ അനുബന്ധ ഉൽപ്പന്നങ്ങളുണ്ടാക്കുന്ന ഫാക്ടറികളിലേക്ക് അനധികൃതമായി കടത്തുന്നത്. അനധികൃത മത്സ്യക്കടത്തിൽ രാപകൽ വ്യത്യാസമില്ലെങ്കിലും പുലർച്ചെ മുതൽ രാവിലെ വരെയാണ് കയറ്റുമതി കൂടുതലായി നടക്കുന്നത്‌.  മൺസൂൺകാല ട്രോളിങ് നിരോധനം കഴിഞ്ഞതുമുതൽ അനധികൃത മീൻപിടിത്തം സജീവമാണ്‌. ഇതിനായി ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് വൻ ലോബിയുണ്ടെന്നും ഇവരെ സഹായിക്കുന്ന ഒരു വിഭാഗം തൊഴിലാളികളും ഏജന്റുമാരുമുണ്ടെന്നും പറയുന്നു. 
സമീപകാലത്തായി ബേപ്പൂരിൽനിന്ന്‌ ഉൾപ്പെടെ ജില്ലയിൽ അനധികൃത മീൻപിടിത്തം വർധിച്ചതിനാൽ ഫിഷറീസ്, -മറൈൻ എൻഫോഴ്സ്മെന്റ്‌  വിഭാഗങ്ങൾ പരിശോധന കർശനമാക്കുകയും ബോട്ടുകൾ പിടികൂടി രണ്ടര ലക്ഷം രൂപ വരെ പിഴയിടുകയും ചെയ്‌തിട്ടും നിയമം ലംഘിച്ചുള്ള മീൻപിടിത്തം തുടരുകയാണ്. മത്സ്യങ്ങളുടെ സ്വാഭാവിക വളർച്ച തടസ്സപ്പെടുത്തി കടലിന്റെ അടിത്തട്ടാകെ കുത്തിക്കലക്കി  കോരിയെടുക്കുന്ന മത്സ്യബന്ധനത്തിന് കർശന വിലക്കുണ്ട്. 58 ഇനം മത്സ്യങ്ങൾ നിശ്ചിത വളർച്ചയെത്തും മുമ്പ് പിടിക്കുന്നത്‌ കേന്ദ്ര സർക്കാർ വിലക്കിയതാണ്. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളെയും വിവിധയിനം കടൽ ജീവികളെയും പിടിച്ചെടുക്കുന്നതും കണ്ണിയടുപ്പമുള്ള പ്രത്യേകയിനം വല ഉപയോഗിച്ച് കടലിന്റെ  അടിത്തട്ടാകെ അരിച്ചെടുക്കുന്നതും  നിയമവിരുദ്ധമാണ്. 
മത്സ്യം, പക്ഷികൾ എന്നിവയുടെ തീറ്റയും വ്യത്യസ്തയിനം വളങ്ങളും ഉണ്ടാക്കാനാണ് ചെറുമത്സ്യവും കടൽജീവികളെയും പിടിച്ചെടുത്ത് കേരളത്തിനകത്തും പുറത്തുമുള്ള വളം,തീറ്റ നിർമാണ കമ്പനികളിലേക്ക് കയറ്റി അയക്കുന്നത്. 
അനധികൃത മിൻപിടിത്തത്തിൽ ബോട്ടുടമകൾക്കും പരമ്പരാഗത വള്ളങ്ങളിൽ പോകുന്നവർക്കും എതിർപ്പുണ്ട്. കണ്ണിയടുപ്പമുള്ള വലകളുപയോഗിച്ച് കടലിന്റെ അടിത്തട്ടൊന്നാകെ  കോരിയെടുക്കപ്പെടുമ്പോൾ പൂർണ വളർച്ചയെത്താതെ വിവിധയിനം മത്സ്യങ്ങളാണ് നശിക്കുന്നത്. വളർന്ന്‌ ഒന്നും രണ്ടും കിലോഗ്രാം തൂക്കം വരാവുന്ന മത്സ്യങ്ങളെപ്പോലും നന്നെ കുഞ്ഞാകുമ്പോൾ ഒന്നിച്ച് വലയിലാക്കുകയാണ്.  ഇതിനാൽ  ചെറു ബോട്ടുകളിലും പരമ്പരാഗത വള്ളങ്ങളിലും മീൻപിടിത്തത്തിനെത്തുന്നവർക്ക്‌ ഒന്നും കിട്ടാതെയാകും. 
മത്സ്യസമ്പത്തിന്റെ  ഉന്മൂലനത്തിനിടയാക്കുന്ന നിയമവിരുദ്ധ മീൻപിടിത്തത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന്‌ വിവിധ സംഘടനകളും ഭൂരിഭാഗം ബോട്ടുടമകളും പരമ്പരാഗത മത്സ്യത്തൊഴിലാളികളും ആവശ്യപ്പെട്ടിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top