ബാലുശേരി
വക്കീലാവുകയെന്നത് കാവ്യയുടെ ജീവിതാഭിലാഷമായിരുന്നു. ദുരിതങ്ങൾക്കിടയിലും മകളുടെ വിദ്യാഭ്യാസം പൂർത്തിയാക്കണമെന്ന അച്ഛന്റെ ആഗ്രഹമാണ് കാവ്യ സഫലമാക്കിയത്. പനങ്ങാട് നോർത്തിലെ വാഴോറമലയിൽ കാവ്യ കഴിഞ്ഞ 20ന് വക്കീലായി എൻറോൾ ചെയ്തു.
പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാതിരുന്നിട്ടും മക്കളെ പഠിപ്പിക്കാൻ കൂലിപ്പണിക്കാരനായ അച്ഛൻ ബാലനും ഏഴാംക്ലാസ് വരെ മാത്രം പഠിച്ച അമ്മ ശാരദയും കഠിനാധ്വാനംചെയ്‌തു. കൂലിപ്പണിയിൽനിന്നുള്ള വരുമാനംകൊണ്ടാണ് മൂന്ന് പെൺമക്കളെ പഠിപ്പിച്ചത്. ഏഴാംക്ലാസുവരെ പനങ്ങാട് നോർത്ത് എയുപി സ്കൂളിലും എട്ട് മുതൽ ഹയർ സെക്കൻഡറിവരെ ബാലുശേരി ഗവ. ഹയർ സെക്കൻഡറിയിലുമാണ് കാവ്യ പഠിച്ചത്. ഷൊർണൂർ കൊളപ്പുള്ളി അൽഅമീൻ കോളേജിൽനിന്ന് ബിബിഎ എൽഎൽബിബിരുദം ഫസ്റ്റ് ക്ലാസോടെ നേടി. ഐഎവൈ പദ്ധതിയിൽ കിട്ടിയ കുഞ്ഞുവീട്ടിലിരുന്നാണ് കാവ്യ പഠിച്ചത്. ജുഡീഷ്യൽ സർവീസ് പരീക്ഷ എഴുതി മജിസ്ട്രേട്ടാകണമെന്നാണ് കാവ്യയുടെആഗ്രഹം.നിലവിൽ കോഴിക്കോട്ടാണ് പ്രാക്ടീസ് ചെയ്യുന്നത്. രണ്ട് സഹോദരിമാരിൽ ഒരാൾ അക്കൗണ്ടന്റായി ജോലിചെയ്യുന്നുണ്ട്. മറ്റൊരാൾ പിഎസ്‌എസിക്ക് തയ്യാറെടുക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..