29 December Sunday

കൊല്ലം അംബാ തിയേറ്റേഴ്സിന്‌ 
കർട്ടനുയരുന്നു

എ സജീവ് കുമാർUpdated: Sunday Dec 29, 2024

 

കൊയിലാണ്ടി
ഒരുകാലത്ത് നാടകരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന കൊല്ലം അംബാ തിയേറ്റേഴ്സ് ഉയിർത്തെഴുന്നേൽപ്പിലേക്ക്‌. നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളിലൂടെ ഒട്ടേറെ കലാകാരൻമാരുടെ പരിശീലനക്കളരിയായി മാറിയിരുന്ന അംബ തിയേറ്റേഴ്‌സിനെ വീണ്ടും രംഗവേദിയിൽ എത്തിക്കാൻ പഴയകാല മെമ്പർമാർ കഴിഞ്ഞ ദിവസം ഒത്തുകൂടി. തുടർന്ന് കൊല്ലം അളകയിൽ വിപുലമായ യോഗംചേർന്ന് ഭാവി പ്രവർത്തനത്തിന്‌ രൂപംനൽകി. നാടക പ്രവർത്തകൻ മേപ്പയിൽ ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ചെയർമാൻ പുന്നംകണ്ടി മോഹനൻ അധ്യക്ഷനായി.
കോഴിക്കോട് സംഗമം തിയേറ്റേഴ്സും കണ്ണൂരിലെ നടനകലാക്ഷേത്രവും മാത്രം ശ്രദ്ധിക്കപ്പെട്ടിരുന്ന കാലത്താണ് 1973 ൽ കൊല്ലം അംബാ തിയേറ്റേഴ്സ് അമച്വർ കലാസമിതിയാരംഭിച്ചത്‌. മേപ്പയിൽ ബാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച കാളിയമർദനമായിരുന്നു ആദ്യ നാടകം. തിക്കോടിയൻ രചിച്ച് എം കുഞ്ഞാണ്ടി സംവിധാനം ചെയ്ത് കോഴിക്കോട് ഭാസ്കരക്കുറുപ്പ്, ഇരിങ്ങൽ നാരായണി തുടങ്ങിയവർ അഭിനയിച്ച "പുതുപ്പണംകോട്ട’ എന്ന നാടകം അംബ തിയേറ്റേഴ്സ് അരങ്ങിലെത്തിച്ച് ഏറെ ശ്രദ്ധനേടി. മേപ്പയിൽ ബാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച പഴശ്ശിരാജയുടെ കഥപറയുന്ന "കെട്ടിലമ്മ’ നാടകത്തിൽ പ്രശ്‌സതരായ ചേമഞ്ചേരി നാരായണൻ നായരും ശാന്ത പുതുപ്പാടിയുമായിരുന്നു പ്രധാന വേഷങ്ങളിൽ. കൂടാതെ "ആരോമൽ ചേകവർ’ തുടങ്ങി ഒട്ടേറെ നാടകങ്ങൾ നിരവധി വേദികളിൽ അവതരിപ്പിച്ചു. കാളിയമർദനം, വിഗ്രഹങ്ങളേ സാക്ഷി, വിഷവീചികൾ, ഉത്തരായന പക്ഷി, സമാധി, സുവർണ ക്ഷേത്രം തുടങ്ങി ഇരുപതോളം അമച്വർ നാടകങ്ങളുമൊരുക്കി. പ്രാദേശികമായി നിരവധി കലാകാരന്മാരെ രംഗത്തെത്തിച്ചു. ഉമേഷ് കൊല്ലം, ടി സുധാകരൻ, കന്നൂർ സുധാകരൻ, സുനിൽകുമാർ തിരുവങ്ങാട്, കുറുവങ്ങാട് ശ്രീധരൻ, കെ എം ബാലകൃഷ്ണൻ തുടങ്ങി ഒട്ടേറെപ്പേർ അംബയുടെ വളർച്ചയുടെ ഭാഗമായി. കൊല്ലംചിറയിൽ നടന്ന അഖില കേരള നീന്തൽ മത്സരമടക്കം കായികമേഖലയിലും ഒട്ടേറെ പ്രവർത്തനം നടത്തി. 18 വർഷത്തോളം കേരളമെങ്ങും ശ്രദ്ധിക്കപ്പെട്ട  സമിതിയുടെ പ്രവർത്തനങ്ങൾക്ക്‌ പലകാരണങ്ങളാൽ കാൽ നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ കർട്ടൻ വീഴുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top