22 November Friday
പുഷ്പന് കോഴിക്കോടിന്റെ അന്ത്യാഞ്ജലി

റെഡ്‌ സല്യൂട്ട്‌

പി കെ സജിത്‌Updated: Monday Sep 30, 2024

പുഷ്പന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വടകരയിൽ എത്തിയപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവർ

കോഴിക്കോട്‌
 ‘പോരാളികളുടെ പോരാളി... കണ്ണേ കണ്ണേ കൺമണിയേ... വിപ്ലവസൂര്യൻ പുഷ്‌പൻ സഖാവേ, ഇല്ല ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ പൊതുദർശനത്തിനുവച്ച ഓരോ കേന്ദ്രത്തിലും പ്രവർത്തകർ കൈകളിലേന്തിയ ചെങ്കൊടിയും ശുഭ്രപതാകയും താഴ്‌ത്തി മുഷ്‌ടിചുരുട്ടി അഭിവാദ്യമർപ്പിച്ചു.   ത്യാഗത്തിന്റെ സഹനത്തിന്റെ ആൾരൂപമായ കേരളത്തിന്റെ പ്രിയപുത്രന്റെ ചേതനയറ്റ ശരീരം അവസാനമായി ഒരു നോക്കുകാണാൻ മകനെപ്പോലെ സ്‌നേഹിച്ച അമ്മമാർ, സഹോദരനായി ഒപ്പം ചേർത്തുനിർത്തിയവർ, സമരാവേശത്തെ ഹൃദയത്തിലേറ്റിയ യുവത എന്നുവേണ്ട സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരാണ്‌ ഒഴുകിയെത്തിയത്‌. കൂത്തുപറമ്പിലെ വെടിവയ്പിൽ തളരാതെ മൂന്നുപതിറ്റാണ്ട്‌ ജീവിതത്തോട്‌ പൊരുതി കേരളത്തെ വിസ്‌മയിപ്പിച്ച സമരപോരാളി പുഷ്‌പന്‌ രാഷ്‌ട്രീയ കേരളത്തിന്റെ അന്ത്യാഭിവാദ്യം നൊമ്പരപ്പെടുത്തുന്ന കാഴ്‌ചയായി. പുഷ്‌പന്റെ ചേതനയറ്റ ശരീരം ശനിയാഴ്‌ച രാത്രിയാണ്‌ ഡിവൈഎഫ്‌ഐ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത്‌ സെന്ററിൽ പൊതുദർശനത്തിനുവച്ചത്‌. മരണവാർത്തയറിഞ്ഞതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ആളുകൾ യൂത്ത്‌ സെന്ററിലേക്കെത്തി. ഞായറാഴ്‌ച രാവിലെ എട്ടോടെയാണ്‌ കോഴിക്കോട്ടുനിന്ന്‌ വിലാപയാത്രയായി ചൊക്ലി മേനപ്പുറത്തെ വീട്ടിലേക്ക്‌ കൊണ്ടുപോയത്‌. വിലാപയാത്ര തലശേരി ടൗൺഹാളിലെത്തിയത്‌ പകൽ 11.30 ഓടെ. പുഷ്‌പന്റെ മൃതദേഹം രാവിലെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും മന്ത്രിയുമായ പി എ മുഹമ്മദ്‌ റിയാസ്‌, സിപിഐ എം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി പി മോഹനൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌, പ്രസിഡന്റ്‌ വി വസീഫ്‌, എം സുരേന്ദ്രൻ, എം ഷാജിർ, ജെയ്‌ക്‌ സി തോമസ്‌, പി സി ഷൈജു, അഡ്വ. എൽ ജി ലജീഷ്‌ എന്നിവർ ചേർന്നാണ്‌ പൂക്കൾ കൊണ്ടലങ്കരിച്ച യെസ്‌ മെൻ ക്ലബ്‌ ഓഫ്‌ ചെമ്പേരി ടൗണിന്റെ ആംബുലൻസിലേക്കെടുത്തത്‌. മന്ത്രി എ കെ ശശീന്ദ്രൻ, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം എംപി എന്നിവരുമെത്തി.  
പുതിയങ്ങാടി, എലത്തൂർ, പൂക്കാട്‌, കൊയിലാണ്ടി, നന്തി, പയ്യോളി, വടകര, നാദാപുരം റോഡ്‌, മാഹി പാലം, പുന്നോൽ, മാഹി എന്നിവിടങ്ങളിൽ പൊതുദർശനത്തിനുശേഷം നേരെ തലശേരി ടൗൺഹാളിലേക്ക്‌. മൃതദേഹം കടന്നുപോവുന്ന പാതയോരങ്ങളിൽ കത്തുന്ന വെയിൽ കൂസാതെ പ്രവർത്തകരുടെ മണിക്കൂറുകൾ നീണ്ട  കാത്തിരിപ്പ്‌. പൂക്കളർപ്പിച്ചും മുഷ്‌ടിചുരുട്ടിയും അഭിവാദ്യമർപ്പിച്ചു. മൃതദേഹം ആംബുലൻസിൽനിന്ന്‌ തലശേരി ടൗൺഹാളിലേക്ക്‌ എടുത്തപ്പോൾ ആയിരങ്ങൾ ഏകസ്വരത്തിൽ തൊണ്ടപൊട്ടുമാറുച്ചത്തിൽ അന്ത്യാഭിവാദ്യമർപ്പിച്ചു. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ ആബാലവൃദ്ധം ജനങ്ങൾ തോരാത്ത കണ്ണുനീരുമായി അന്ത്യയാത്ര നൽകി. മണിക്കൂറുകൾ ക്യൂ നിന്നിട്ടും പലർക്കും ടൗൺഹാളിലേക്ക്‌ പ്രവേശിക്കാനായില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top