30 November Saturday
സർവേ നടത്താൻ ആവശ്യം

കല്ലായിയിലെ കൈയേറ്റം:
‘അതിർത്തി തർക്ക’ത്തിൽ പന്നിയങ്കര, കസബ വില്ലേജ്‌ ഓഫീസർമാർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024

കല്ലായിപ്പുഴയോരത്തെ പരിശോധനയ്ക്കെത്തിയ പന്നിയങ്കര വില്ലേജ് ഓഫീസർ കുമാറും കസബ വില്ലേജ് ഓഫിസർ ശ്രീജിത്തും മാപ്പുകൾ പരിശോധിക്കുന്നു

കോഴിക്കോട്
കല്ലായി പുഴയോരത്ത്‌ കൈയേറ്റ പരാതി ഉയർന്ന ഭൂമിയിൽ അതിർത്തി തർക്കമുന്നയിച്ച്‌ വില്ലേജ്‌ ഓഫീസർമാർ. കൈയേറ്റ പരാതി പരിശോധിക്കാനെത്തിയപ്പോഴാണ്‌ പന്നിയങ്കര, കസബ വില്ലേജ്‌ ഓഫീസർമാർ സ്ഥലം ഏത്‌ വില്ലേജിന്‌ കീഴിലെന്ന കാര്യത്തിൽ തർക്കമുണ്ടായത്‌. തുടർന്ന്‌ സ്ഥലത്ത്‌ സർവേ നടത്തണമെന്നാവശ്യപ്പെട്ട്‌ പന്നിയങ്കര വില്ലേജ്‌ ഓഫീസർ തഹസിൽദാർക്ക്‌ പരാതി നൽകി. കല്ലായി പാലത്തിന് സമീപം ഇടതുഭാഗത്ത്‌ 30 സെന്റിലധികം ഭൂമി കൈയേറി മണ്ണിട്ട് നികത്തിയതായി പുഴ സംരക്ഷണ സമിതിയുടെ പരാതിയിൽ ആദ്യം കസബ വില്ലേജ്‌ ഓഫീസറാണ്‌ സ്ഥലത്തെത്തിയത്‌. എന്നാൽ സ്ഥലം പന്നിയങ്കര ഓഫീസിന്‌ കീഴിലെന്ന്‌ അറിയിച്ചു. 
തുടർന്ന്‌ പന്നിയങ്കര വില്ലേജ്‌ ഓഫീസറും എത്തി. എന്നാൽ രേഖകളിൽ ഈ സ്ഥലം തങ്ങൾക്ക്‌ കീഴിൽ അല്ലെന്ന്‌ അവരും പറഞ്ഞതോടെ തർക്കമായി. പരാതിയിൽ നടപടിയെടുക്കാനാവാതെ പരിശോധന അവസാനിപ്പിക്കുകയായിരുന്നു. കൈയേറ്റം കണ്ടെത്തിയതിനെ തുടർന്ന് 2008 ൽ സ്വമേധയാ സർക്കാരിലേക്ക് ഒരു പത്രസ്ഥാപനം തിരിച്ചുനൽകിയ സ്ഥലം സ്വകാര്യവ്യക്തി വീണ്ടും കൈയേറിയെന്നാണ്‌ പരാതി. അതിർത്തി തർക്കമായതോടെ കൈയേറ്റത്തിനെതിരെ നടപടിയും സർവേ നടത്തണമെന്നും ആവശ്യപ്പെട്ട്‌ സമിതി കലക്ടർക്ക്‌ പരാതി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top