സ്വന്തം ലേഖകൻ
നാദാപുരം
വിലങ്ങാട് ഉരുൾ പൊട്ടലിൽ മലയോര ജനതയ്ക്ക് നഷ്ടമായത് വർഷങ്ങളായി സ്വരുക്കൂട്ടിയ ജീവിത സമ്പാദ്യം. ആയിരം ഏക്കറോളം കൃഷിഭൂമിയും വീടുകളും നിരവധി വാഹനങ്ങളും പ്രദേശത്ത് നശിച്ചു. മൂന്ന് മലഞ്ചെരിവുകളിൽ ഒരേ സമയത്തുണ്ടായ ഉരുൾപൊട്ടലാണ് ഇത്രയും നാശം വിതച്ചത്.
കെ ജെ തോമസിന്റെ രണ്ട് ഏക്കറോളം വരുന്ന കൃഷിഭൂമി ഉരുൾ പൊട്ടലിൽ ഒലിച്ചുപോയി. ഇദ്ദേഹത്തിന്റെ സഹോദരൻ കെ ജെ ഇഗ്നേഷ്യസിന്റെ വീടും തൊഴുത്തും കൃഷിഭൂമിയും ഒലിച്ചുപോയി. കൊടിമരത്തിൽ ഡൊമനിക്കിന്റെ കുടുംബത്തിന് കനത്ത നഷ്ടമാണ് സംഭവിച്ചത്.
മഞ്ഞക്കുന്ന് വായനശാല പരിസരത്തെ ഇവരുടെ ഇരുനില വീടും കൃഷിഭൂമിയും ഉഴുതു മറിച്ച നിലയിലാണ്. വീട്ടിൽ നിർത്തിയിട്ട കാറുകൾ, ഒരു ജീപ്പ്, രണ്ട് മോട്ടോർ ബൈക്കുകൾ എന്നിവ ഒലിച്ചുപോയി.
സാബു പന്തലാടിക്കലിന്റെ കടയാണ് ഒലിച്ചു പോയത്. ബാബു നന്ദിക്കാട്ട്, ജോണി പാണ്ട്യം പറമ്പത്ത്, ജോർജ് കല്ലുവേലിക്കുന്നേൽ, മണിക്കൊമ്പിൽ ജേക്കബ് എന്ന കുട്ടിച്ചൻ, സിബി കണിരാഗത്ത്, പാനോത്തെ സജി പാലോൽ, അഭിലാഷ് പാലോലിൽ, ജയൻ, തയ്യിൽ കുറുവച്ചൻ, വടക്കേടത്ത് ദിവാകരൻ എന്നിവരുടെ വീടുകൾക്കാണ് കാര്യമായ നഷ്ടമുണ്ടായത്. ചിലരുടെ വീടുകൾ പൂർണമായും ഒലിച്ചുപോയി. വള്ളിൽ സന്തോഷ്, ബിജു പുത്തൻപുരയിൽ, കടവൂർ സണ്ണി, ബിനീഷ് കൊണ്ടൂർ, ഇരിപ്പക്കാട്ട് തോമസ്, ജോയ് കുനിപറമ്പേൽ, ബേബി കടപ്പന എന്നിവരുടെ വീടുകൾക്കാണ് നാശമുണ്ടായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..