നാദാപുരം
നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 33 സ്‌കൂള്‍ വിദ്യാര്‍ഥികൾ ഉള്‍പ്പെടെ 77 പേർക്ക് പരിക്ക്. വെള്ളി രാവിലെ 7.10 ന് കക്കംവെള്ളി നാദാപുരം സഹകരണ ബാങ്കിന് മുൻവശത്തെ സംസ്ഥാന പാതയിലാണ് അപകടം.
പരിക്കേറ്റവരെ മെഡിക്കൽ കോളേജ്, വടകര താലൂക്ക് ആശുപത്രി, നാദാപുരം ഗവ. താലൂക്ക് ആശുപത്രി, വിവിധ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസില്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി ഡ്രൈവർ വടകര കീഴൽ സ്വദേശി വാളക്കാം വയലിൽ വി വി അനീഷ് കുമാറി (46) നെ അഗ്നി രക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.
കൈവേലിയില്‍നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകരനിന്ന് നാദാപുരത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. സ്വകാര്യബസ് അമിത വേഗത്തിലെത്തി കെഎസ്ആർടിസിയിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു. മത്സരയോട്ടമാണ് അപകടത്തിനിടയാക്കിയത്.
ഗുരുതരമായി പരിക്കേറ്റ എടച്ചേരി സ്വദേശിനി ഐശ്വര്യ (21), പേരോട് സ്വദേശിനി രാഗി (35), വട്ടോളി സ്വദേശികളായ അശ്വിൻ (32), സനില (53), വടകര സ്വദേശി ഷിനിൽ (27) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും വടകര സ്വദേശിനി ഫാത്തിമ (27), കൈവേലി സ്വദേശി അഖിൽ (35), പുറമേരി സ്വദേശി ഷഫിൻ (17), എടച്ചേരി സ്വദേശി അബ്ദുള്ള (64), രാജസ്ഥാൻ സ്വദേശികളായ രാമു (19), റോഹിത്ത് (17) എന്നിവരെ മൊടക്കല്ലൂർ മെഡിക്കൽ കോളേജിലും മറ്റുള്ളവരെ നാദാപുരം ഗവ.താലൂക്ക് ആശുപത്രി, വടകര താലൂക്ക് ആശുപത്രി, വടകര സഹകരണ ആശുപത്രി, വിവിധ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
ചേലക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ഇതര സംസ്ഥാന തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏർപ്പെട്ടു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി അപകടത്തിൽ പെട്ട രണ്ട് ബസുകളും ക്രെയിൻ ഉപയോഗിച്ച് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..