ഫറോക്ക്
നിയമം ലംഘിച്ച് മത്സ്യബന്ധനത്തിലേർപ്പെട്ട രണ്ട് ബോട്ടും ഒരു വള്ളവും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും തീരദേശ പൊലീസും ചേർന്ന് പിടികൂടി. കരവലിയിൽ ഏർപ്പെട്ടതിന് പുതിയാപ്പ സ്വദേശി കാക്കീരകത്ത് വീട്ടിൽ കിഷോറിന്റെ ‘നോവൽ’ ബോട്ടും നിരോധിത കൃത്രിമവെളിച്ചം ഉപയോഗിച്ച് മീൻപിടിത്തം നടത്തിയതിന് തിരുവനന്തപുരം പൊഴിയൂർ പുതുവൽ പുരയിടം ജോണിന്റെ "മേരി മഗ്ദലീന’ ബോട്ടുമാണ് പിടികൂടിയത്.
കളർ കോഡും ജീവൻ രക്ഷാ ഉപകരണങ്ങളുമില്ലാതെ കടലിലിറക്കിയ മാറാട് സ്വദേശി അരയൻ വീട്ടിൽ മുഹമ്മദ് ആദിലിന്റെ "അൽ-ഹംദ്’ വള്ളവും പിടിച്ചെടുത്തു.
നോവൽ ബോട്ട് വടകര ഭാഗത്തുനിന്ന് തീരദേശ പൊലീസ് പിടികൂടി ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റിന് കൈമാറുകയായിരുന്നു. രണ്ടാമത്തെ ബോട്ടും വള്ളവും ബേപ്പൂരിൽനിന്നാണ് പിടികൂടിയത്.
നോവൽ ബോട്ടിന് രണ്ടര ലക്ഷം രൂപയും രണ്ടാമത്തെ ബോട്ടിന് 90,000 രൂപയും വള്ളത്തിന് 25,000 രൂപയും പിഴചുമത്തി. ബേപ്പൂർ മറൈൻ എൻഫോഴ്‌സ്‌മെന്റ് ഇൻസ്പെക്ടർ പി ഷൺമുഖൻ, തീരദേശ പൊലീസ് എസ്ഐ സലാം, ഫിഷറീസ് ഗാർഡ് കെ കെ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ബോട്ടുകൾ പിടികൂടിയത്.നിയമവിരുദ്ധ മീൻപിടിത്തത്തിലേർപ്പെടുന്ന യാനങ്ങൾക്കെതിരെ പരിശോധനയും നിയമ നടപടികളും കർശനമാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി വി സതീശനും അസി. ഡയറക്ടർ വി സുനീറും അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..