മലപ്പുറം
പൊന്നാനി തീരത്ത് ആൾക്കൂട്ടം മറ്റൊരു കടലായി. അണിമുറിയാതെ അത് മഞ്ചേരിവരെ അലയടിച്ചു. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഓർമകൾ തുടിക്കുന്ന പാതകൾ ചെങ്കൊടിയേന്തി. വർഗീയ വേർതിരിവിന് മലപ്പുറത്തെക്കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞവർക്കുമുന്നിൽ കൈകോർത്ത് മൈത്രിയുടെ ഗീതം പാടി നാട് ജാഥാ നായകൻ എം വി ഗോവിന്ദനെ വരവേറ്റു. എങ്ങും ജനപ്രവാഹം. രാജ്യം ഇരുളിലേക്ക് നീളുമ്പോൾ മൗനംപൂണ്ടിരിക്കുന്നവർക്ക് ഒപ്പമല്ലെന്ന പ്രഖ്യാപനമായിരുന്നു സ്വീകരണകേന്ദ്രങ്ങളിലെ ജനസഞ്ചയം. കേന്ദ്ര നയങ്ങൾക്കെതിരായ പ്രതിഷേധവും പ്രതിധ്വനിച്ചു.
ഇ കെ ഇമ്പിച്ചിബാവയുടെ സ്‌മരണനിറഞ്ഞ പൊന്നാനിയിലായിരുന്നു ആദ്യ സ്വീകരണം. സ്ത്രീകളും യുവാക്കളും പുനർഗേഹത്തിൽ വീട് ലഭിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങളും പഴയകാല പാർടി പ്രവർത്തകരും ഒത്തുകൂടി. ജാഥാംഗം കെ ടി ജലീലിന്റെ മണ്ഡലത്തിലും സ്ഥിതി മറിച്ചല്ല.
വേനൽച്ചൂട് വകവയ്ക്കാതെ തവനൂരും ഒരുമിച്ചു. വളാഞ്ചേരിയിലായിരുന്നു കോട്ടക്കൽ മണ്ഡലത്തിലെ വരവേൽപ്പ്. വളാഞ്ചേരിയിലെ രക്തസാക്ഷി കോട്ടീരി നാരായണന്റെ ഭാര്യയും ജാഥയ്ക്ക് ആവേശം പകർന്ന് വേദിയിലെത്തി. മങ്കട മണ്ഡലത്തിൽ അങ്ങാടിപ്പുറത്തെ സ്വീകരണത്തിലും ആവേശംനിറഞ്ഞു. കുതിരയും വർണമഴയും കാഴ്ചയൊരുക്കി. മഞ്ചേരിയിലായിരുന്നു ചൊവ്വാഴ്ചത്തെ അവസാന വേദി. മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് ജാഥാ ലീഡറെ തുറന്ന ജീപ്പിൽ വരവേറ്റു.
മഞ്ചേരി പഴയ ബസ് സ്റ്റാൻഡ് പരിസരവും റോഡും കവിഞ്ഞ് ജനങ്ങൾ അണിനിരന്നു. ആർഎസ്എസ് വിരൽഞൊടിച്ച് വിളിച്ചിടത്ത് തലയിൽ മുണ്ടിട്ടുപോയവരും അതിനെതിരെ പറയാത്തവരുമല്ല ഈ കാലത്തിന്റെ പ്രതീക്ഷയെന്ന പ്രഖ്യാപനം എവിടെയും മുഴങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..