04 December Wednesday

മഞ്ചേരി മെഡി. കോളേജില്‍ 
രാത്രികാല പോസ്റ്റ്മോര്‍ട്ടത്തിന് തടസ്സമില്ല

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2024
മലപ്പുറം
മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ രാത്രികാല പോസ്റ്റ്മോർട്ടം 2024 ഒക്ടോബർ ഒന്നുമുതൽ തുടരുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ജില്ലാ വികസനസമിതി യോഗത്തിൽ അറിയിച്ചു. ഇതുസംബന്ധിച്ച യോഗത്തിലുയർന്ന ചർച്ചകൾക്ക്‌  വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് ഡോക്ടർമാർ ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും നിലവിൽ രാത്രി എട്ടുവരെ നടക്കുന്ന പോസ്റ്റ്മോർട്ടം തുടരുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നിലവിലുള്ള ഡോക്ടർമാർക്ക് അക്കാദമിക് കാര്യങ്ങൾ, പരീക്ഷാ നടത്തിപ്പ്, കോടതി ഡ്യൂട്ടി എന്നിങ്ങനെ ജോലിഭാരം കൂടുതലുണ്ട്‌. അതിനാൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു.
പൊന്നാനിയിൽ കൃഷിവകുപ്പ് മുഖേന നൽകിയ മുളയ്ക്കാത്ത നെൽവിത്തിന് കർഷകർക്ക് പകരം വിത്ത് ലഭ്യമാക്കണമെന്നും നഷ്ടപരിഹാരം ലഭിക്കാൻ കർഷകർ വിത്ത് തിരിച്ചുനൽകണമെന്ന കൃഷിവകുപ്പിന്റെ വാദം വിചിത്രമാണെന്നും പി നന്ദകുമാർ എംഎൽഎ പറഞ്ഞു. വിതച്ച വിത്ത് കർഷകർ എങ്ങനെ തിരിച്ചുനൽകും എന്നായിരുന്നു എംഎൽഎയുടെ ചോദ്യം. വിത്ത് മുളച്ചില്ലെന്ന് കൃഷി ഓഫീസർ സാക്ഷ്യപ്പെടുത്തി നൽകിയാൽ പകരം വിത്ത് നൽകാൻ നടപടി സ്വീകരിക്കണമെന്ന് കലക്ടർ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദേശം നൽകി. 
ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ചയടയ്ക്കുന്ന പ്രവൃത്തികൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്നും പി നന്ദകുമാർ എംഎൽഎ ആവശ്യപ്പെട്ടു. കൃഷിയെയും കുടിവെള്ളവിതരണത്തെയും ഇത് ബാധിക്കുന്നുണ്ട്. മഴക്കാലം തുടങ്ങുംമുമ്പ് ചോർച്ചയടക്കാനുള്ള നടപടികൾ പൂർത്തീകരിച്ചില്ലെങ്കിൽ പ്രവൃത്തി വീണ്ടും നീണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിൽ ദേശീയപാത നിർമാണ അതോറിറ്റി വീഴ്ചവരുത്തുന്നുവെന്ന് പി അബ്ദുൾ ഹമീദ് എംഎൽഎ പറഞ്ഞു. എടയൂർ, ഇരിമ്പിളിയം, മാറാക്കര, പൊൻമള, കുറ്റിപ്പുറം എന്നിവിടങ്ങളിൽ കുടിവെള്ള പദ്ധതികൾക്കായി കട്ടിങ് നടത്തിയ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ്‌ എൻജിനിയർ അറിയിച്ചു. കുറ്റിപ്പുറം പഞ്ചായത്തിലെ മൂന്ന് റോഡുകളുടെകൂടി റെസ്റ്റോറേഷൻ പ്രവൃത്തികൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
ജില്ലാ പ്ലാനിങ് സെക്രട്ടറിയറ്റ് ഹാളിൽ ചേർന്ന യോഗത്തിൽ കലക്ടർ വി ആർ വിനോദ് അധ്യക്ഷനായി. എംഎൽഎമാരായ പി നന്ദകുമാർ,  യു എ ലത്തീഫ്, പി അബ്ദുൽ ഹമീദ്,
 കെ പി എ മജീദ്, പി ഉബൈദുള്ള, ആബിദ് ഹുസൈൻ തങ്ങൾ, തിരൂർ സബ് കലക്ടർ ദിലീപ് കെ  കൈനിക്കര, അസി. കലക്ടർ വി എം ആര്യ,  എഡിഎം സി മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസർ പി ഡി ജോസഫ്  എന്നിവർ  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top