02 October Wednesday
സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്‌താവന

മലപ്പുറത്തിന്റെ മതനിരപേക്ഷ 
പാരമ്പര്യം തകർക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
 
മലപ്പുറം
മലപ്പുറത്തിന്റെ മഹിതമായ മതനിരപേക്ഷ പാരമ്പര്യം തകർക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് സാംസ്കാരിക പ്രവർത്തകരുടെ ആഹ്വാനം.  
മതനിരപേക്ഷ പാരമ്പര്യംകൊണ്ട് സമ്പന്നവും  സാമൂഹ്യ മുന്നേറ്റത്താൽ മാതൃകാപരവുമാണ് മലപ്പുറം. മതേതര ചിന്താഗതിക്കാരായ മനുഷ്യരും പ്രസ്ഥാനങ്ങളും ദീർഘകാല പ്രവർത്തനംകൊണ്ട് ഉണ്ടാക്കിയെടുത്തതാണ് അത്. എന്നാൽ  അവസരവാദ നിലപാടുകൾക്ക് വിശ്വാസത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നതാണ് വർഗീയ ഫാസിസ്റ്റുകൾ അവലംബിക്കുന്ന രീതി. അരനൂറ്റാണ്ടിലേറെക്കാലം തെളിമയാർന്ന പൊതുജീവിതം നയിക്കുന്ന പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരനായ  ഇ എൻ മോഹൻദാസിനെപ്പോലും വർഗീയവാദിയാക്കി ചിത്രീകരിക്കുന്ന നടപടി മലപ്പുറത്തിന്  അപരിചിതമാണ്.  രാഷ്ട്രീയം പറയാൻ ഇല്ലാതാവുകയും ഇതരപക്ഷത്ത് കൂടുകൂട്ടാൻ തക്കംപാർത്തിരിക്കുകയും ചെയ്യുമ്പോൾ തനിക്ക് മേൽവിലാസം ഉണ്ടാക്കിത്തന്ന പ്രസ്ഥാനത്തെയും അതിന്റെ പതാകവാഹകരെയും ചെളിവാരി എറിയുകയും അതിനെ ന്യായീകരിക്കാൻ മതത്തിന്റെ മേലങ്കി അണിയുകയും ചെയ്യുന്നത്
 അശ്ലീലവും അപമാനകരവും അപലപനീയവും ആണ്. ഏതു മതവിശ്വാസികൾക്കും ജനാധിപത്യ ഇന്ത്യയിൽ അവരവരുടെ പ്രത്യയശാസ്ത്ര നിലപാടനുസരിച്ച് ഏതൊരു പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. ആ അവകാശത്തിനുവേണ്ടി പോരാടാൻ പുരോഗമന പ്രസ്ഥാനങ്ങൾ മുൻപന്തിയിൽ നിന്നിട്ടുമുണ്ട്.  സാമൂഹ്യപുരോഗതിയെ ത്വരിതപ്പെടുത്തിയിട്ടുള്ള പ്രസ്ഥാനങ്ങളെയും അതിന്റെ അമരക്കാരെയും വർഗീയ ചാപ്പകുത്തി അപരവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങൾ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും സംസ്കാരിക പ്രവർത്തകരും എഴുത്തുകാരും കലാകാരന്മാരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. 
ഡോ. കെ പി മോഹനൻ, കെ ഇ എൻ, ഡോ. എം എ  സിദ്ധീഖ്, എം എം  നാരായണൻ, ഡോ. ഹുസൈൻ രണ്ടത്താണി,  ഡോ. ശിവദാസൻ മങ്കട, ജി പി രാമചന്ദ്രൻ തുടങ്ങി നൂറോളം പേർ ഒപ്പിട്ട പ്രസ്താവനയാണിറക്കിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top