മലപ്പുറം
സംസ്ഥാനത്തെ എല്ലാ രക്ത ബാങ്കുകളിലും ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. നിലമ്പൂർ ഐഎംഎ ഹാളിൽ നടന്ന പരിപാടിയിൽ നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷനായി. നിലമ്പൂർ ജില്ലാ ആശുപത്രി രക്ത ബാങ്ക് തയ്യാറാക്കിയ ഷോർട്ട് ഫിലിം ‘ഇനിയെങ്കിലും' നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി പ്രകാശിപ്പിച്ചു. കലക്ടർ വി ആർ വിനോദ് ഓൺലൈനായി ആശംസ അറിയിച്ചു.
‘വ്യത്യസ്‌തരായിരിക്കുക, രക്തം ദാനം ചെയ്യുക, ജീവൻ ദാനം ചെയ്യുക' എന്നതാണ് ഈ വർഷത്തെ ദേശീയ സന്നദ്ധ രക്തദാന ദിനാചരണ സന്ദേശം. ഇതിനെ അടിസ്ഥാനപ്പെടുത്തി കേരള സ്‌റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ ചെയർമാൻ ഡോ. ആർ ശ്രീലത രക്തദാന ദിനാചരണ സന്ദേശം നൽകി. നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കാർത്തിക് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി എൻ അനൂപ് രക്തദാന പ്രതിജ്ഞ ചൊല്ലി. ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ സി ഷുബിൻ, നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഷിനാസ് ബാബു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ബ്ലഡ് ഡോണേഴ്‌സ് കേരള മലപ്പുറം ചാപ്റ്റർ രക്തദാന പോസ്റ്റർ പ്രദർശനം നടത്തി. സന്നദ്ധ രക്തദാതാക്കൾ, രക്തദാന സംഘടനകൾ, രക്ത ബാങ്കുകൾ എന്നിവർക്കുള്ള സംസ്ഥാന–-ജില്ലാ, താലൂക്ക്‌തല അവാർഡുകൾ, സ്വകാര്യ ആശുപത്രികൾക്കുള്ള രക്തദാന അവാർഡുകൾ എന്നിവ വിതരണംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..