02 October Wednesday
ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് മീറ്റിന്‌ തുടക്കം

ആവേശം ട്രാക്കിൽ

പി പ്രശാന്ത്‌കുമാർUpdated: Wednesday Oct 2, 2024

പെൺകുട്ടികളുടെ അണ്ടർ 18 ഡിസ്കസ് ത്രോയിൽ സിഎച്ച്എംകെഎം എച്ച്എസ്എസ് കാവനൂരിലെ കെ തുളസി സ്വർണം നേടുന്നു

തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ ഐഡിയൽ കടകശേരി മുന്നിൽ. മീറ്റിൽ 213.5 പോയിന്റുമായാണ് ഐഡിയൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയത്.  110.5 പോയിന്റുനേടി തിരുന്നാവായ നവാമുകുന്ദ സ്പോര്‍ട്സ് അക്കാദമി രണ്ടാം സ്ഥാനത്തുണ്ട്. 49 പോയിന്റ്‌ വീതമുള്ള പൂക്കളത്തൂർ സിഎച്ച് എംഎച്ച്എസ്എസും കവനൂർ സിഎച്ച് എംകെഎംഎച്ച്എസ്എസുമാണ്‌ മൂന്നാം സ്ഥാനത്ത്‌. 
മീറ്റ്‌ കലിക്കറ്റ് സർവകലാശാലാ കായിക വിഭാഗം മേധാവി ഡോ. വി പി സക്കീർ ഹുസൈൻ ഉദ്ഘാടനംചെയ്തു. അത്‌ലറ്റിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ മജീദ് ഐഡിയൽ അധ്യക്ഷനായി. അസോസിയേഷൻ സെക്രട്ടറി വി പി മുഹമ്മദ് കാസിം, ഷാഫി അമ്മായത്ത്, അബ്ദുൽ കാദർ ബാപ്പു,  സൈഫ് സാഹിദ്, ഷുക്കൂർ ഇല്ലത്ത്, കെ കെ രവീന്ദ്രൻ, ഡോ. കെ  ഇന്ദു എന്നിവർ സംസാരിച്ചു.
 
ആദ്യദിനം 10 മീറ്റ് റെക്കോഡുകൾ 
പെൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിൽ പെരിന്തൽമണ്ണ പ്രസന്റേഷൻ എച്ച്എസ്എസിലെ എ ഹിയ സഹ്സ കിഡ്സ് ജാവലിനിൽ പുതിയ ദൂരം കുറിച്ചു. രണ്ടാം സ്ഥാനം നേടിയ തിരുന്നാവായ നവാമുകുന്ദ സ്പോര്‍ട്സ് അക്കാദമിയിലെ ഇ പി ഷംല ഫയിസയും നിലവിലെ ദൂരം മറികടന്നു. പെൺകുട്ടികളുടെ അണ്ടർ 18 വിഭാഗത്തിൽ തിരുന്നാവായ നവാമുകുന്ദ സ്പോര്‍ട്സ് അക്കാദമിയിലെ ആദിത്യ അജി 100 മീറ്ററിൽ റെക്കോഡിട്ടു. ഡിസ്ക്കസ് ത്രോയിൽ കവനൂർ സിഎച്ച്എംകെഎംഎച്ച്എസ്എസിലെ കെ തുളസിയും റെക്കോഡിന് ഉടമയായി. രണ്ടാം സ്ഥാനക്കാരി ഐഡിയൽ കടകശേരിയുടെ ഹരിത സുധീറും നിലവിലെ റെക്കോഡ്‌ മറികടന്നു. പെൺകുട്ടികളുടെ അണ്ടർ 20 വിഭാഗത്തിൽ 400 മീറ്ററിൽ ഐഡിയൽ കടകശേരിയുടെ ജെ എസ് നിവേദ്യയും 5000 മീറ്ററിൽ സ്വാതിക സജീവും പുതിയ സമയം കുറിച്ചു. ഹൈജമ്പിൽ ഐഡിയലിന്റെ വി പി ഹരിപ്രിയ റെക്കോഡിട്ടു. ആൺകുട്ടികളുടെ അണ്ടർ 18 വിഭാഗത്തിൽ ഐഡിയലിന്റെ ജെഫ്രിൻ മനോജ് ആൻന്ത്രപർ ഡിസ്ക്കസ് ത്രോയിൽ പുതിയ ദൂരം കുറിച്ചു. ആൺകുട്ടികളുടെ അണ്ടർ 20 വിഭാഗത്തിൽ 400 മീറ്ററിലും ഹൈജമ്പിലും ഐഡിയൽ താരങ്ങൾ റെക്കോഡിട്ടു. 400 മീറ്ററിൽ എൻ അദിലും ഹൈജമ്പിൽ എ അനിരുദ്ധ് സതീഷുമാണ് റെക്കോഡിന് ഉടമകൾ. ഷോട്ട്പുട്ടിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വൻസ്ഡ് സ്റ്റഡീസിലെ ഇ മുഹമ്മദ്  സിനാൻ റെക്കോഡിട്ടു. അണ്ടർ 16 പെൺകുട്ടികളുടെ ഹൈജമ്പിൽ ഐഡിയലിന്റെ സി പി അഷ്മിക ഹൈജമ്പിൽ പുതിയ ദൂരം തൊട്ടു.
 
ഹൈജമ്പിൽ മിൻസാരയും 
ഹരിപ്രിയയും
ഹൈജമ്പിൽ സ്വർണം നേടി ഐഡിയൽ കടകശേരിയുടെ കെ വി മിൻസാര പ്രസാദും വി പി ഹരിപ്രിയയും. ഹരിപ്രിയ അണ്ടർ 20 വിഭാഗത്തിലും മിൻസാര അണ്ടർ 18 വിഭാഗത്തിലുമാണ്‌ സ്വർണം നേടിയത്‌. 1.45 മീറ്ററാണ്‌ ഇരുവരും താണ്ടിയത്‌. ഐഡിയൽ സ്‌കൂളിലെ ടോമി ചെറിയാൻ, നദീഷ്‌ ചാക്കോ എന്നിവരുടെ കീഴിലാണ്‌ പരിശീലനം. സംസ്ഥാന ജൂനിയർ മീറ്റിൽ അണ്ടർ 16 വിഭാഗത്തിൽ മിൻസാരയ്‌ക്ക്‌ സ്വർണമുണ്ടായിരുന്നു. പ്ലസ്‌ വൺ വിദ്യാർഥിയായ മിൻസാര കൊയിലാണ്ടി നന്തി കോട്ടപ്പടി താഴെ ടി പി പ്രസാദിന്റെയും കെ വി ഷിംനയുടെയും മകളാണ്‌. പ്ലസ്‌ ടു വിദ്യാർഥിയായ ഹരിപ്രിയ മണ്ണാർക്കാട്‌ തെങ്കര കൊറ്റിയോട്‌ വാപ്പാൽപറമ്പ്‌ സുന്ദരന്റെയും രജനിയുടെയും മകളാണ്‌.
 
എറിഞ്ഞിട്ട്‌ 
തുളസി
തേഞ്ഞിപ്പലം
ഡിസ്‌കസ്‌ ത്രോയിൽ പുതിയ ദൂരം കണ്ടെത്തി കാവനൂർ സിഎച്ച്‌എംകെഎം എച്ച്‌എസ്‌എസിലെ കെ തുളസി. അണ്ടർ 18 വിഭാഗത്തിൽ 31.74 മീറ്റർ താണ്ടിയാണ്‌ മീറ്റ്‌ റെക്കോഡിട്ടത്‌. കഴിഞ്ഞ വർഷം സ്വന്തം ദൂരമായ 27.69 മീറ്റാണ്‌ ഈ പ്ലസ്‌ ടു വിദ്യാർഥിനി മറികടന്നത്‌. ആദ്യ ത്രോയിലാണ്‌ കൂടുതൽ താണ്ടിയത്‌. അഹമ്മദ്‌ നിഷാദ്‌, അർഷാദ്‌ എന്നിവരാണ്‌ പരിശീലകർ. കാവനൂർ ഇരിവേറ്റു ചോലയിൽ ദിനേശ്‌കുമാറിന്റെയും ശ്രീലജയുടെയും മകളാണ്‌.
 
റാഹിലും അഞ്‌ജലിയും വേഗക്കാർ
തേഞ്ഞിപ്പലം
മീറ്റ്‌ റെക്കോഡോടെ ജില്ലാ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിലെ വേഗമേറിയ താരങ്ങളായി വി പി റാഹിൽ സക്കീറും കെ അഞ്‌ജലിയും. ആൺകുട്ടികളുടെ അണ്ടർ 20 വിഭാഗത്തിൽ 10.44 സെക്കൻഡിൽ വേഗവര കടന്നാണ്‌ ഐഡിയൽ കടശേരിയുടെ റാഹിൽ സക്കീർ സ്വർണം നേടിയത്‌. 2023ൽ ഐഡിയലിന്റെതന്നെ പി മുഹമ്മദ്‌ ഷാൻ കുറിച്ച (10.66സെ) റെക്കോഡാണ്‌ റാഹിൽ മായ്ച്ചത്‌. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ റാഹിൽ കലിക്കറ്റ്‌ സർവകലാശാലാ കായിക വിഭാഗം മേധാവി വി പി സക്കീർഹുസൈന്റെയും തസ്‌ലീനയുടെയും മകനാണ്‌. പി ബി ജയകുമാറിന്റെ കീഴിലാണ്‌ പരിശീലനം. 
അണ്ടർ 20 വിഭാഗം പെൺകുട്ടികളുടെ 100 മീറ്ററിൽ 12.85 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണ്‌ മേലാറ്റൂർ ആർഎം എച്ച്‌എസ്‌എസിലെ കെ അഞ്‌ജലി വേഗറാണിയായത്‌. 2023ൽ ഐഡിയൽ കടകശേരിയുടെ ആർ ആർ രേവതി (13.39) സ്ഥാപിച്ച മീറ്റ്‌ റെക്കോഡാണ്‌ തകർത്തത്‌. അണ്ടർ 18 വിഭാഗത്തിൽ തിരുന്നാവായ നാവാമുകുന്ദ സ്‌പോർട്‌സ്‌ അക്കാദമിയിലെ ആദിത്യാ അജിയും സി വി മുഹമ്മദ്‌ ഷാമിലും സ്വർണം നേടി.
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top