23 December Monday

ശ്രമകരമായ ദൗത്യം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

 വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്കായുള്ള തിരച്ചിൽ ചാലിയാറിന്റെ തീരത്ത് പുരോഗമിക്കയാണ്. ബുധനാഴ്ച ആദ്യ മൃതദേഹം കണ്ടതുമുതൽ നാട്ടുകാരും ഫയർ ഫോഴ്സും പൊലീസും സന്ന​ദ്ധ സംഘടനകളും ചേർന്ന് ശ്രമകരമായ ദൗത്യമാണ് നടത്തുന്നത്. ദുർഘടമായ പാതയിലൂടെ അതിസാ​ഹസികമായ യാത്രയെക്കുറിച്ച് തിരച്ചിൽ സംഘത്തിലെ ചിലർ പ്രതികരിക്കുന്നു...

 

ചാലിയാർ തീരത്തെ മുഴുവൻ ശരീരഭാഗങ്ങളും കണ്ടെടുക്കുംവരെ ദൗത്യം തുടരും.  നാല് ദിവസംകൊണ്ട്‌ 300ഓളം യൂത്ത് ബ്രിഗേഡ് വളന്റിയർമാരാണ് ചാലിയാർ തീരത്തുമാത്രം തിരച്ചിൽ നടത്തിയത്.  പ്രത്യേക പരിശീലനം ലഭിച്ച, സേവന മനോഭാവമുള്ള ഒട്ടേറെ പേരടങ്ങുന്ന ടീമാണ്  ‘യൂത്ത് ബ്രിഗേഡ്'.  70 ശരീരഭാഗങ്ങളാണ്‌ യൂത്ത്‌ ബ്രിഗേഡ് ടീം കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയത്.  

പി ഷെബീർ (ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌)

 

ഉള്‍വനത്തില്‍നിന്ന് ലഭിച്ച മൃതദേഹങ്ങള്‍ ട്രാക്ടറില്‍ കയറ്റി പ്ലാന്റേഷൻ റോഡിലൂടെയാണ് പുറത്തെത്തിച്ചത്. ‌‌കാട്ടാനയെ തടയാൻ സ്ഥാപിച്ച നാല് ഹാങ്ങിങ് ഫെൻസിങ്ങുകള്‍ കടന്നുവേണം സഞ്ചരിക്കാന്‍. ആറ് കിലോമീറ്റർ കടന്ന്‌ മൃതദേഹങ്ങളെല്ലാം ആംബുലൻസിൽ എത്തിക്കണമെന്നുമാത്രമായിരുന്നു ചിന്ത.

ഷിഫിലുഖാൻ (ഷിബിൽ), യൂത്ത് ബ്രിഗേഡ് ട്രാക്ടർ ഡ്രൈവർ)

 

നാലുദിവസമായി ചാലിയാർ തീരത്തെ തിരച്ചില്‍ സംഘത്തിനൊപ്പമുണ്ട്‌.ആദ്യദിനം മച്ചികൈയിൽനിന്ന് നാല് മൃതദേഹങ്ങൾ കിട്ടി. രണ്ടാംദിവസം മുക്കം, മരക്കയം ഭാഗത്തായിരുന്നു തിരച്ചിൽ. മൂന്നാംദിവസം രാവിലെ ആറിന് പരപ്പൻപാറയിലേക്കുനീങ്ങി. നാലാംദിനം മരക്കയം ഭാഗത്ത് വീണ്ടും തിരച്ചിലിനിറങ്ങി.

പി പി രതീഷ് (ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫ്ലയിങ് സ്‌ക്വാഡ് നിലമ്പൂർ)

 

നമ്മളിലൊരാളെയാണ് കണ്ടെത്തേണ്ടത് എന്ന ബോധ്യത്തോടെയാണ് തീരത്ത് തിരച്ചില്‍ നടത്തിയത്. വാണിയമ്പുഴ പുഴയിലൂടെ ട്രാക്ടർ കടക്കുമ്പോൾ ബോണറ്റിൽക്കിടന്ന്‌ മുൻഭാഗത്തെ ഭാരം ഉറപ്പിച്ചു. കഴിഞ്ഞദിവസം തിരച്ചിലിൽ കാലിന്റെ അടിഭാഗം പൊട്ടി.

മനാഫ് കുനിപ്പാല (എമർജൻസി റസ്‌ക്യൂ ടീം)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top