22 December Sunday

ചാലിയാറിലൂടെ 80 കിലോമീറ്റർ

ജിജോ ജോർജ്‌Updated: Saturday Aug 3, 2024

മുണ്ടേരി ഇരുട്ടുകുത്തി വനമേഖലയിൽ കണ്ടെത്തിയ ശരീരഭാഗങ്ങൾ ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ പ്രവർത്തകർ ചുമന്നുകൊണ്ടുവരുന്നു ഫോട്ടോ: കെ ഷെമീർ

മലപ്പുറം
മനുഷ്യശരീരങ്ങൾ തേടി ചാലിയാറിന്റെ തീരങ്ങളിലൂടെ 80 കിലോ മീറ്ററിൽ പരിശോധന. വെള്ളിയാഴ്‌ച ഉൾവനത്തിൽ ഹെലികോപ്‌റ്ററിലാണ്‌ പരിശോധന നടത്തിയതെങ്കിൽ മുണ്ടേരി ഇരുട്ടുകുത്തിമുതൽ താഴെ വാഴക്കാടുവരെ പൊലീസ്‌, അഗ്നിരക്ഷാസേന, സന്നദ്ധ സംഘടനകൾ, നാട്ടുകാർ തുടങ്ങിയവർ ചേർന്ന്‌ തിരച്ചിൽ നടത്തി. ചാലിയാർമുക്ക്‌, കൈപ്പിനി കടവ്‌, ഓടായിക്കൽ, പനങ്കയം, വെളിമ്പിയംപാടം, മുണ്ടേരി വാണിയമ്പുഴ, എഴുമാംപാടം, കുട്ടംകുളം, അമ്പിട്ടംപൊട്ടി തുടങ്ങിയ ഭാഗങ്ങളിൽനിന്നാണ്‌ ശരീരഭാഗങ്ങൾ ലഭിച്ചത്‌. 
രാവിലെമുതല്‍ എന്‍ഡിആര്‍എഫ്, നാവികസേന, അഗ്നിരക്ഷാസേന, വനം, പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളിൽ തിരച്ചിലാരംഭിച്ചിരുന്നു. രാവിലെ ഏഴിന്‌ സംയുക്ത സേനകള്‍ നാവികസേനയുടെ ഹെലികോപ്‌റ്ററിൽ വയനാട്-–-മലപ്പുറം അതിര്‍ത്തിയിലെ സൂചിപ്പാറയില്‍ തിരച്ചില്‍ നടത്തി. പൊലീസ് സേനയുടെ ഹെലികോപ്‌റ്ററും ഉപയോഗിച്ചു. സേനകള്‍ സൂചിപ്പാറയിലിറങ്ങി വനമേഖലയില്‍ തിരച്ചിൽ നടത്തിയെങ്കിലും ശരീരഭാഗങ്ങൾ കണ്ടെത്താനായില്ല. 
മണ്ണില്‍പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച കെടാവർ നായയുമായി ഇടുക്കിയില്‍നിന്നെത്തിയ പൊലീസ് സേനാംഗങ്ങള്‍ മുണ്ടേരി ഇരുട്ടുകുത്തിമുതല്‍ മാളകംവരെ തീരങ്ങളില്‍ പരിശോധന നടത്തി. വാണിയംപുഴ, കുമ്പളപ്പാറ ഭാഗങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചും പരിശോധനയുണ്ടായി.
ചങ്ങാടം ഒഴുക്കിൽപ്പെട്ടു
മുണ്ടേരി വാണിയമ്പുഴ വനത്തിൽ കണ്ടെത്തിയ മൃതദേഹങ്ങളുമായി ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ പ്രവർത്തകർ ചാലിയാർ പുഴ കടക്കുന്നതിനിടെ ചങ്ങാടം ഒഴുക്കിൽപ്പെട്ടു. ഇരുട്ടുകുത്തി കടവിൽ വെള്ളിയാഴ്‌ച പകൽ രണ്ടോടെയാണ്‌ സംഭവം. മൂന്ന്‌ ശരീരഭാഗങ്ങളാണ്‌ ചങ്ങാടത്തിലുണ്ടായിരുന്നത്‌. അരകിലോമീറ്ററോളം താഴേക്ക്‌ ഒലിച്ചുപോയ ചങ്ങാടത്തിന്റെ കയറിൽ പ്രവർത്തകർക്ക്‌ പിടികിട്ടി.  ചങ്ങാടത്തിലും കരയിലുമുള്ളവർ വെള്ളത്തിലേക്കുചാടി ചങ്ങാടം കരയ്‌ക്ക്‌ വലിച്ചടുപ്പിച്ചു. ആത്മവിശ്വാസം കൈവിടാതെ ചങ്ങാടം നിയന്ത്രിച്ച ആദിവാസി യുവാക്കളെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരടക്കം അഭിനന്ദിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top