പെരിന്തൽമണ്ണ
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കെഎസ്‌ടിഎ വിവിധ പരിപാടികൾ ഏറ്റെടുക്കും. സംസ്ഥാന ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തിൽ പെരിന്തൽമണ്ണയിൽ നടന്നു. മാർച്ച് 30ന് കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കുന്ന സർക്കാർ പദ്ധതിക്ക് പിന്തുണ നൽകി വിദ്യാലയങ്ങളും പൊതുഇടങ്ങളും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. വ്യക്തിശുചിത്വം, ശുചിമുറികൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനുള്ള അവബോധമുണ്ടാക്കൽ, ലഹരിക്കെതിരെ ബോധവൽക്കരണം, വിദ്യാലയങ്ങൾ ഹരിതവൽക്കരിക്കൽ, വിദ്യാലയങ്ങളും പരിസരങ്ങളും ശുചീകരിക്കൽ, വിദ്യാലയങ്ങളിലെ മാലിന്യസംസ്‌കരണം തുടങ്ങിയ വിഷയങ്ങളിൽ പ്രചാരണം നടത്തും. സബ്ജില്ലാതലത്തിൽ ഒരു കേന്ദ്രത്തിലെങ്കിലും സൗന്ദര്യാരാമങ്ങൾ തീർക്കും.
പദ്ധതികൾ കെഎസ്ടിഎ ജനറൽ സെക്രട്ടറി കെ ബദറുന്നിസ ഉദ്‌ഘാടനംചെയ്‌തു. പെരിന്തൽമണ്ണ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ അമ്പിളി മനോജ് അധ്യക്ഷയായി.
എഇഒ കെ ടി കുഞ്ഞിമൊയ്ദു, ക്ലീൻ സിറ്റി മാനേജർ സി കെ വത്സൻ, എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ പി മനോജ് കുമാർ, ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ എം പി സുനിൽ കുമാർ, കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് കെ വീരാപ്പു, കെ സുധീർ ബാബു, പി വി ദേവിക, കെ പത്മരാജൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി രത്നാകരൻ സ്വാഗതം പറഞ്ഞു. അധ്യാപകരും നഗരസഭാ ജീവനക്കാരും ചേർന്ന് പട്ടാമ്പി റോഡിൽ ജെജെ ആശുപത്രിവരെ ശുചീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..