19 December Thursday

‘സ്വർഗസ്ഥനായ ഗാന്ധിജി’ പ്രകാശിപ്പിച്ചു

സ്വന്തം ലേഖകൻUpdated: Thursday Oct 3, 2024

കെ ടി ജലീൽ എംഎൽഎ രചിച്ച ‘സ്വർഗസ്ഥനായ ഗാന്ധിജി’ ജോൺ ബ്രിട്ടാസ്‌ എംപി, കെ വി റാബിയക്ക്‌ നൽകി 
പ്രകാശിപ്പിക്കുന്നു

വളാഞ്ചേരി
കെ ടി ജലീൽ എംഎൽഎ രചിച്ച ‘സ്വർഗസ്ഥനായ ഗാന്ധിജി’ ജോൺ ബ്രിട്ടാസ്‌ എംപി, സാക്ഷരത പ്രവർത്തക കെ വി റാബിയക്ക്‌ നൽകി പ്രകാശിപ്പിച്ചു. രാജ്യത്ത്‌ ഗാന്ധിജിയുടെ പ്രസക്തി അനുദിനം വർധിക്കുകയാണെന്ന്‌ ജോൺ ബ്രിട്ടാസ്‌ എംപി പറഞ്ഞു. ഇടതുപക്ഷത്തിന്റെ അചഞ്ചല നിലപാട്‌ കാരണമാണ്‌ കേരളത്തിൽ സ്വാധീനം ചെലുത്താൻ കഴിയാതെ പോയതെന്ന്‌ ആർഎസ്‌എസ്‌ നേതാക്കൾതന്നെ പറഞ്ഞിട്ടുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പായി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ബിജെപിയുടെ രാമൻ നാഥൂറാം ആണെന്ന്‌ പറഞ്ഞപ്പോൾ മുതിർന്ന പല കോൺഗ്രസ്‌ അംഗങ്ങളും അടുത്തുവന്ന്‌ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പ്രകോപിക്കരുതെന്ന്‌ ഉപദേശിച്ചു. തെരഞ്ഞെടുപ്പ്‌ സമയത്ത്‌  ഒരു കാൽ കോൺഗ്രസിലും മറുകാൽ ബിജെപിയിലുംവച്ച നേതാക്കൾ കോൺഗ്രസിലുണ്ടായിരുന്നു. 
ഇന്ത്യയിൽ വർഗീയതയുടെ രഥയോട്ടം അനസ്യൂതം നടക്കുമ്പോൾ കെ ടി ജലീലിന്റെ ശ്രമം ശ്രദ്ധേയമാണ്‌. പുസ്‌തകത്തിന്റെ അവസാന ഭാഗത്ത്‌ വിരമിക്കൽ മൂഡിലാണെന്ന വരികളോട്‌ വിയോജിക്കുന്നു. ജലീലിനെ പോലുള്ളവർ  പത്തരമാറ്റിൽ തിളങ്ങേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. 
കാവുംപുറം പാറക്കൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ എ ശിവദാസൻ അധ്യക്ഷനായി. പ്രൊഫ. എം എം നാരായണൻ പുസ്‌തകം പരിചയപ്പെടുത്തി. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം അജിത്‌ കൊളാടി, കെ പി ശങ്കരൻ, മാനവേന്ദ്രനാഥ്‌, പി സെൽവരാജ്‌  എന്നിവർ സംസാരിച്ചു. കെ ടി ജലീൽ എംഎൽഎ മറുപടി പ്രസംഗം നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ കെ ബാലചന്ദ്രൻ സ്വാഗതവും കെ എ ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു. കൈരളി ബുക്‌സാണ്‌ പ്രസാധകർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top