21 December Saturday

ഐഡിയൽ കടകശേരി ചാമ്പ്യൻമാർ

പി പ്രശാന്ത്‌കുമാർUpdated: Thursday Oct 3, 2024

ജില്ലാ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ ഓവറോൾ ചാമ്പ്യന്മാരായ ഐഡിയൽ കടകശേരി സ്കൂൾ ടീം

തേഞ്ഞിപ്പലം
ജില്ലാ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിൽ പതിനാറാം തവണയും കിരീടം ചൂടി ഐഡിയൽ കടകശേരി. 43 സ്വർണവും 21 വെള്ളിയും 12 വെങ്കലവുമടക്കം 531 പോയിന്റുമായാണ് ഐഡിയലിന്റെ മുന്നേറ്റം. കായികരംഗത്തെ പഴയ ആധിപത്യം തിരിച്ചുപിടിക്കാനുറച്ച് എത്തിയ തിരുന്നാവായ നവാമുകുന്ദ സ്‌പോർട്‌സ്‌ അക്കാദമിക്കാണ്‌ രണ്ടാം സ്ഥാനം. 16 സ്വർണവും 14 വെള്ളിയും അഞ്ച്‌ വെങ്കലവുമടക്കം 237 പോയിന്റ്‌  നേടി.  
പൂക്കൊളത്തൂർ സിഎച്ച്എംഎച്ച്എസ്എസ് (130) മൂന്നാമതും കെഎച്ച്എം  എച്ച്എസ് വാളക്കുളം (119) നാലാമതും കാവനൂർ സിഎച്ച്എംകെഎം എച്ച്എസ്എസ് (88.5) അഞ്ചാമതുമായി. 
സമാപന ചടങ്ങിൽ അത്‌ലറ്റിക്‌സ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ മജീദ് ഐഡിയൽ അധ്യക്ഷനായി. ചേലേമ്പ്ര  എൻഎംഎച്ച്എസ്എസ് മാനേജർ  എം നാരായണൻ സമ്മാനവിതരണം നടത്തി. അസോസിയേഷൻ സെക്രട്ടറി വി പി മുഹമ്മദ് കാസിം, ഷാഫി അമ്മായത്ത്, കെ അബ്ദുൽ കാദർ ബാപ്പു, സൈഫ് സാഹിദ്, ഷുക്കൂർ ഇല്ലത്ത്, പി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
25 റെക്കോഡുകൾ
തേഞ്ഞിപ്പലം
ജില്ലാ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിന്റെ അവസാന ദിനത്തിൽ പിറന്നത് 15 റെക്കോഡുകൾ. ഇതോടെ രണ്ട് ദിനങ്ങളിലായി 25 റെക്കോഡുകളാണ് പിറന്നത്‌. അഞ്ചുപേർ ഇരട്ട റെക്കോഡ്‌ നേടി.
 
ജാർഖണ്ഡിൽനിന്നെത്തി 
പൊന്നണിഞ്ഞു
തേഞ്ഞിപ്പലം
ജാർഖണ്ഡിലെ റാഞ്ചിയിൽനിന്നെത്തിയ അഭിഷേക് കുമാർ സിൻഹക്ക് അണ്ടർ 20 വിഭാഗം 400 മീറ്റർ ഹർഡിൽസിൽ സ്വർണം. കായിക രംഗത്ത് പിതാവിന്റെ പ്രചോദനം ഉൾക്കൊണ്ട് ഹർഡിൽസിൽ ദേശീയ താരമാകുകയെന്ന ലക്ഷ്യത്തോടെയാണ് തിരുന്നാവായ നാവാമുകുന്ദ സ്‌പോര്‍ട്സ് അക്കാദമിയിൽ അഭിഷേക് സിൻഹയെത്തിയത്. പിതാവ് ജോഗേഷ് സിൻഹ നേരത്തെ സംസ്ഥാന ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. പത്താം ക്ലാസിൽ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെത്തിയ അഭിഷേക് സിൻഹ ഒന്നരവർഷംകൊണ്ട്‌ മലയാളം സംസാരിക്കാനും  എഴുതാനും പഠിച്ചുകഴിഞ്ഞു. ഇതിന് സഹായിച്ചത് സ്കൂളിലെ മലയാളം അധ്യാപകനായ പ്രവീൺ പടയമ്പത്താണ്. ശിൽപ സിൻഹയാണ്‌ അമ്മ. സഹോദരങ്ങൾ: കശിഷ്‌, മെഹക്‌.
 
 
സുഹൈമ നിലോഫറിന് 
റെക്കോഡോടെ ഇരട്ട സ്വർണം
തേഞ്ഞിപ്പലം
റെക്കോഡോടെ ഇരട്ട സ്വർണമണിഞ്ഞ് സുഹൈമ നിലോഫർ. അണ്ടർ 20 വിഭാഗത്തിൽ ഷോട്ട്പുട്ടിലും ഹാമർ ത്രോയിലുമാണ് റെക്കോഡോടെ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസിന്റെ താരം പൊന്നണിഞ്ഞത്‌. 7.50 മീറ്റർ എറിഞ്ഞാണ് ഷോട്ട്പുട്ടിലെ നേട്ടം. ഹാമർ ത്രോയിൽ 40.41 മീറ്ററിലാണ് പുതിയ റെക്കോഡിട്ടത്. 2019ൽ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിലെ സയാന ദാസ് സ്ഥാപിച്ച 31.50 മീറ്ററാണ് പഴങ്കഥയായത്. കഴിഞ്ഞ സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സിൽ ഹാമർ ത്രോയിൽ സ്വർണവും ഷോട്ട്പുട്ടിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. അണ്ടർ 18 വിഭാഗത്തിൽ ഹാമർത്രോയിൽ നിലവിലുള്ള റെക്കോഡ് സുഹൈമ നിലോഫറിന്റെ പേരിലാണ്. തൃശൂർ കുന്നംകുളം സ്വദേശിയാണ് ഈ പ്ലസ് ടു വിദ്യാർഥി.
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top