22 November Friday

വിദ്യാർഥികൾ പറഞ്ഞു ഞങ്ങളുടെ ശബ്ദമാകൂ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി നിലമ്പൂർ അമൽ കോളേജിൽ വിദ്യാർഥികളുമായി സംവദിക്കുന്നു

എടവണ്ണ
‘രാഹുൽ ഗാന്ധി എംപിയാകുമ്പോൾ ഞങ്ങൾ വിദ്യാർഥികൾക്കും പ്രതീക്ഷ ഏറെയുണ്ടായിരുന്നു. അത്‌ വെറുതെയെന്ന്‌ തെളിയിച്ച നാളുകളാണ്‌ കടന്നുപോയത്‌. ഇന്ന്‌ ഞങ്ങൾക്കുറപ്പുണ്ട്‌ ലോക്‌സഭയിൽ വിദ്യാർഥികളുടെ ശബ്ദമാകാൻ സത്യൻ മൊകേരിയെപോലുള്ളവർ വേണം’. നിലമ്പൂർ അമൽ കോളേജിലെത്തിയ വയനാട്‌ ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി സത്യൻ മൊകേരിയോട്‌ വിദ്യാർഥികൾക്ക്‌ പറയാൻ ഏറെയുണ്ടായിരുന്നു.
ശനിയാഴ്‌ച അമൽ കോളേജ്‌ ക്യാമ്പസിൽനിന്നായിരുന്നു ഏറനാട് നിയമസഭാ മണ്ഡലത്തിലെ പര്യടനത്തിന്‌ തുടക്കം. തങ്ങളിലൊരാളായി വിദ്യാർഥികൾ സത്യൻ മൊകേരിയെ സ്വീകരിച്ചു. 
വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുന്നവർ ഇനിവേണ്ടെന്ന പ്രഖ്യാപനവുമായാണ്‌ തുടർന്നുള്ള സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർഥിയെ വരവേൽക്കാൻ നാട്‌ ഒത്തുകൂടിയത്‌. ‘നിങ്ങളിൽ ഒരാളായി കൂടെയുണ്ടാകും’ അവർക്ക്‌ സത്യൻ മൊകേരി വാക്കുനൽകി. നാടിനെ തൊട്ടറിഞ്ഞ്‌ പഴയ സൗഹൃദങ്ങളും പരിചയവും പുതുക്കിയാണ്‌ ഓരോകേന്ദ്രങ്ങളിലും പര്യടനം കടന്നുപോയത്‌. മൈലാടിപൊട്ടി, തണ്ണീരാഞ്ചൽ, മൊടവണ്ണ നഗർ, പണപൊയിൽ, വേട്ടേക്കോട്, ആരെങ്ങോട്, അത്തിക്കാട് നഗർ, ഇടിവണ്ണ തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാനാർഥിയെത്തി ജനങ്ങളുമായി സംവദിച്ചു. ഇടിവണ്ണ സെന്റ് തോമസ് ചർച്ചും സന്ദർശിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേനാംഗങ്ങൾ തുടങ്ങി പ്രായമായവരും കുട്ടികളും ഉൾപ്പെടെ ആളുകൾ സത്യൻ മൊകേരിയെ മാലയിട്ട് സ്വീകരിച്ചു. ഉച്ചഭക്ഷണത്തിനുശേഷം എടവണ്ണ പഞ്ചായത്തിലെ കുണ്ടുതോടുനിന്ന് പര്യടനം തുടങ്ങി. ചാത്തല്ലൂർ, ഒതായി, പാണ്ടിയാട്, തുവ്വക്കാട് പ്രദേശങ്ങളിൽ പര്യടനം നടത്തി പന്നിപ്പാറയിൽ സമാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top