എടക്കര
വന്യജീവി ആക്രമണം തടയാൻ സംസ്ഥാന വനം വന്യജീവി വകുപ്പ് ആരംഭിച്ച ദ്രുതകർമ സേന (റാപിഡ് റെസ്പോൺസ് ടീം)യുടെ പ്രവർത്തനം ജനങ്ങൾക്ക് ആശ്വാസമാകുന്നു. നിലമ്പൂർ നോർത്ത് ഡിവിഷനിലെ ആർആർടിക്കുപുറമെയാണ് നിലമ്പൂർ സൗത്ത് ഡിവിഷനിലും സംസ്ഥാന സർക്കാർ സേനയെ വിന്യസിച്ചത്. കാളികാവ് റെയ്ഞ്ചിലെ കരുവാരക്കുണ്ട് ആസ്ഥാനമായാണ് പുതിയ ആർആർടി.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ഡ്രൈവർ, പാർട്ട് ടൈം സ്വീപ്പർ എന്നീ തസ്തികകളും സൃഷ്ടിച്ചു. ദിവസവേതനാടിസ്ഥാനത്തിൽ നാല് വാച്ചർമാരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങൾ വനവുമായി അതിർത്തി പങ്കിടുന്നതിനാൽ വന്യമൃഗ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ നടപടി.
നിലവിൽ പ്രവർത്തിക്കുന്ന നോർത്ത് ഡിവിഷനിൽ ഒരു ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, രണ്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, അഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഒരു റിസർവ് ഫോറസ്റ്റ് വാച്ചറും ഡ്രൈവറുമുൾപ്പെടെ 10 പേരാണ് ആർആർടിയിലുള്ളത്.
സേനയുടെ
പ്രവർത്തനങ്ങൾ
മനുഷ്യ-–-വന്യജീവി സംഘർഷസാധ്യതയുള്ള സ്ഥലങ്ങളിൽ പതിവായി സഞ്ചരിക്കുക, ബാരിയറുകളുടെ അവസ്ഥ പരിശോധിച്ച് രണ്ടാഴ്ചയിലൊരിക്കൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക്/വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് നൽകുക, പ്രശ്നക്കാരായ മൃഗങ്ങളുടെ സഞ്ചാരപഥം നിരീക്ഷിച്ച് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകുക, പരിക്കേറ്റതോ ഉപേക്ഷിക്കപ്പെട്ടതോ ആയ മൃഗങ്ങളുടെ രക്ഷാപ്രവർത്തനങ്ങളും പുനരധിവാസവും നടത്തുക, പ്രശ്നബാധിത പ്രദേശത്ത് ക്യാമ്പുചെയ്യുക, വന്യമൃഗങ്ങൾക്ക് റേഡിയോ കോളർ ഘടിപ്പിക്കുക, മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സഹായിക്കുക, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് പൊലീസുകാരെ സജ്ജീകരിക്കുക, ജനജാഗ്രതാ സമിതിയുടെ പ്രവർത്തനം ഏകോപിപ്പിക്കുക, വന്യജീവി ആക്രമണത്തിന്റെ നഷ്ടപരിഹാരത്തിനുവേണ്ടിയുള്ള അപേക്ഷകൾ പരിശോധിക്കുക, റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ഉത്തരവുപ്രകാരം ക്യാമ്പുചെയ്യുക എന്നിവയാണ് പ്രവർത്തനങ്ങൾ.
അത്യാധുനിക
ഉപകരണങ്ങൾ
ബൊലേറോ ക്യാമ്പർ ജീപ്പ്, റൈഫിളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പെല്ലറ്റ്, പോർട്ടബിൾ ജനറേറ്റർ, ഡൈനാമിക് ക്ലൈമ്പിങ് റോപ്പ്, ആന്റിയർട്ട് ഹെൽമെറ്റ്, രണ്ട് റൈഫിൾ, സ്ലീപ്പിങ് ബാഗ്, സ്നേക് ക്യാച്ചർ, ലോങ് ഹാൻഡിൽ കത്തി, ഇക്കോ ടോങ്‌സ് സ്നേക് ക്യാച്ചർ, സ്നേക് ഹുക്ക്, കെണിക്കൂട്, പുലിയെ പിടിക്കാനുള്ള നൈലോൺ നെറ്റ്, സ്നേക് ക്യാപ്ച്ചിങ് ബാഗ് തുടങ്ങി അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളുമാണ് സംഘത്തിന്റെ കൈവശമുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..