23 December Monday
അനസ് എടത്തൊടിക വിരമിച്ചു

മൈതാനത്തെ പ്രതിരോധ മതിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

അനസ് എടത്തൊടിക

മലപ്പുറം
2019ലെ ഏഷ്യൻ കപ്പ് യോ​ഗ്യതാമത്സരം. ​ഗ്രൂപ്പ് എയിൽ തായ്‌ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ കളി. തായ്‌ലൻഡിന്റെ മുന്നേറ്റത്തെ തടുത്തിട്ട ഇന്ത്യൻ പ്രതിരോധനിരയിൽ ഒരു കൊണ്ടോട്ടിക്കാരനുണ്ടായിരുന്നു. ​സന്തേശ് ജിങ്കനും പ്രീതം കോട്ടലിനുമൊപ്പം അന്ന് നീലപ്പടയ്‌ക്കായ്‌ പ്രതിരോധക്കോട്ട കാത്തത് മലപ്പുറത്തിന്റെ സ്വന്തം അനസ് എടത്തൊടിക. 
പ്രൊഫണൽ ഫുട്ബോളിൽനിന്ന് അനസ് പിൻവാങ്ങുകയാണ്‌. പ്രതിസന്ധികളെ കൈമുതലാക്കി ലക്ഷ്യത്തിലേക്ക് കുതിച്ച കൗമാരക്കാരന്റെ ജീവിതം പുതുതലമുറയ്ക്കെന്നും പാഠമാകും. ടാക്സി ഡ്രൈവറായിരുന്ന കൊണ്ടോട്ടി മുണ്ടപ്പലത്തെ മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ് അനസ്. നാട്ടിലെ പാടത്തും പറമ്പിലും കൂട്ടുകാർക്കൊപ്പം പന്തുതട്ടി വളർന്നു. സെവൻസ് ഫുട്ബോളിലും സർവകലാശാലാ ഫുട്ബോളിലും മികവ് പുറത്തെടുത്തു. മഞ്ചേരി എൻഎസ്എസ് കോളേജിനായി പന്തുതട്ടി. ഇന്റർ‌ കോളേജ് മത്സരത്തിലെ പ്രകടനംകണ്ട് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഫിറോസ് ഷെരീഫാണ് ഐ ലീഗിലേക്ക് ശ്രമിക്കാൻ പറഞ്ഞത്. 2007ൽ ഐ ലീ​ഗിലും 2017ൽ ഇന്ത്യൻ ടീമിലും പന്തുതട്ടി. ഐഎസ്എല്ലിലും മികച്ച പ്രകടനം. കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്‌സിയുമണിഞ്ഞു.
2019ൽ ഇന്ത്യൻ കുപ്പായമഴിച്ചെങ്കിലും പരിശീലകന്റെ നിർദേശത്തെ തുടർന്ന് വീണ്ടും കളിച്ചു. 
പ്രഥമ സൂപ്പർ ലീ​ഗ് കേരളയിൽ മലപ്പുറം എഫ്സിയുടെ ക്യാപ്റ്റനായി. നാട്ടുകാർക്ക് മുന്നിലാണ് അനസ് അവസാന മത്സരം കളിച്ചത്. വെള്ളിയാഴ്ച മഞ്ചേരി പയ്യനാട് സ്റ്റേ‍ഡിയത്തിൽ സൂപ്പർ ലീ​ഗ് കേരളയിലെ നിർണായക മത്സരത്തിൽ മലപ്പുറത്തെ നയിച്ചു. 37–-ാം വയസിലാണ് വിരമിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിൽ വിരമിക്കൽ പ്രഖ്യാപിച്ച് അനസ് എഴുതിയ കുറിപ്പിൽ കളിജീവിതത്തിൽ കൂടെനിന്ന കുടുംബത്തിനും പരിശീലകർക്കും സഹതാരങ്ങൾക്കും ആരാധകർക്കും നന്ദി അറിയിച്ചു. മലപ്പുറത്തിന്റെ ഫുട്ബോൾ ആരവം അതിർത്തിക്കപ്പുറം ഉയർത്തിയതിന് അനസിന് നന്ദിയറിയിക്കുകയാണ് ആരാധകരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top