തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ നടന്ന 20ാമത് എക്സൈസ് സംസ്ഥാന കലാ കായികമേളയിൽ തുടർച്ചയായ പത്താം തവണയും എറണാകുളം ജില്ല ഓവറോൾ ചാമ്പ്യൻമാരായി. 374 പോയിന്റ് നേടിയാണ് കിരീടം. 252 പോയിന്റ് നേടിയ തൃശൂരാണ് രണ്ടാംസ്ഥാനത്ത്. കാസർകോട് 233 പോയിന്റോടെ മൂന്നാംസ്ഥാനത്തെത്തി.
ട്രാക്കിനങ്ങളിൽ 260 പോയിന്റും ഗെയിംസിൽ 85 പോയിന്റും നേടിയ എറണാകുളം കലാമേളയിൽ 29 പോയിന്റും നേടിയാണ് ഓവറോൾ കിരീടം ഉറപ്പിച്ചത്. ട്രാക്കിനങ്ങളിൽ 192 പോയിന്റും ഗെയിംസിൽ 25 പോയിന്റും കലാമേളയിൽ 35 പോയിന്റുമായാണ് തൃശൂർ രണ്ടാംസ്ഥാനത്ത് എത്തിയത്. ട്രാക്കിനങ്ങളിൽ 190 പോയിന്റും ഗെയിംസിൽ 35 പോയിന്റും കലാമേളയിൽ എട്ട് പോയിന്റും നേടിയ കാസർകോട് മൂന്നാംസ്ഥാനത്തെത്തി. അമ്പത് വയസ്സിനുമുകളിലുള്ള വനിതാ വിഭാഗത്തിൽ കോഴിക്കോടിന്റെ ടി വി ലത 15 പോയിന്റ് നേടി വ്യക്തിഗത ചാമ്പ്യനായി. 35 വയസ്സുവരെയുള്ള വനിതാ വിഭാഗത്തിൽ മലപ്പുറത്തിന്റെ മെർലിൻ ജോർജും എറണാകുളത്തിന്റെ കെ എസ് ബബീനയും 20 പോയിന്റോടെ വ്യക്തിഗത ചാമ്പ്യൻമാരായി. 35 വയസ്സുവരെയുള്ള പുരുഷവിഭാഗത്തിൽ പാലക്കാടിന്റെ ആർ രജിത്ത് 15 പോയിന്റോടെയും 35മുതൽ 40വരെയുള്ള വനിതാ വിഭാഗത്തിൽ കാസർകോടിന്റെ പി ശാന്തികൃഷ്ണ 20 പോയിന്റ് നേടിയും വ്യക്തി നേട്ടങ്ങൾക്കുടമകളായി. 35മുതൽ 40വരെയുള്ള പുരുഷവിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻമാരായി എറണാകുളത്തിന്റെ എം കൃഷ്ണ കുമാറും കോട്ടയത്തിന്റെ ജി അജിത്തും 20 പോയിന്റ് നേടി തെരഞ്ഞെടുക്കപ്പെട്ടു. 40മുതൽ 45വരെയുള്ള വനിതാ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യൻ എറണാകുളത്തിന്റെ എം ആർ രജിതയാണ്. 18 പോയന്റ്. 40മുതൽ 45വരെയുള്ള പുരുഷ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യൻ തൃശൂരിന്റെ ബിബിൻ ഭാസ്കറാണ്. 20 പോയിന്റ്. സമാപന ചടങ്ങിൽ മന്ത്രി വി അബ്ദുറഹ്മാൻ ട്രോഫികൾ വിതരണംചെയ്തു. എസ് ഷാജി അധ്യക്ഷനായി.
ആർ മോഹൻകുമാർ, ടി സജുകുമാർ, കെ സന്തോഷ് കുമാർ, കെ ഷാജി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..