മലപ്പുറം
ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ജില്ലയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ യാഥാർഥ്യമായി. സംസ്ഥാന സർക്കാരിന്റെ പുതുവർഷ സമ്മാനമായി സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്തു. പെരിന്തൽമണ്ണ റോഡിൽ എംഎസ്‌പിക്കുസമീപമാണ് സ്‌റ്റേഷൻ.
ഡിവൈഎസ്‌പി ഓഫീസ് കോമ്പൗണ്ടിലെ ഇരുനില കെട്ടിടത്തിലെ താഴെനിലയിൽ സ്റ്റേഷനും മുകളിലത്തെ നിലയിൽ വനിതാ സെല്ലും പ്രവർത്തിക്കും. മലപ്പുറം, വേങ്ങര പൊലീസ് സ്റ്റേഷൻ പരിധികളിലെ കേസുകളാണ് തുടക്കത്തിൽ പരിഗണിക്കുന്നത്.
സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനം, അതിക്രമങ്ങൾ തുടങ്ങിയവ അന്വേഷിക്കും. സ്റ്റേഷൻ പ്രവർത്തനത്തിനുപരിയായി കേരള പൊലീസ് സ്ത്രീ സുരക്ഷാ വർഷത്തിന്റെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കുമായി നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി എത്തിക്കാൻ സാധിക്കുമെന്നതും പ്രത്യേകതയാണ്.
ചടങ്ങിൽ പി ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. മന്ത്രി കെ ടി ജലീൽ ശിലാഫലകം അനാച്ഛാദനംചെയ്തു. ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം, നഗരസഭാ ചെയർപേഴ്സൺ സി എച്ച് ജമീല, കൗൺസിലർ മിർഷാദ് ഇബ്രാഹിം, അഡ്വ. കെ പി സുമതി, കെ പി ജൽസിമിയ, കെ എം ഗിരിജ, പ്രൊഫ. പി ഗൗരി, ദീപ പുഴക്കൽ, കെപിഒഎ ജില്ലാ സെക്രട്ടറി സി പി പ്രദീപ്, കെപിഎ ജില്ലാ സെക്രട്ടറി കെ ഷിനീഷ്, സ്റ്റേഷൻ ഓഫീസർ റസിയ ബംഗാളത്ത് എന്നിവർ സംസാരിച്ചു.
പ്രവർത്തനം
മൂന്ന് വനിതാ എസ്‌ഐമാർ നേതൃത്വം നൽകും. 16 സീനിയർ സിപിഒമാർ, 14 സിപിഒമാർ, ഒരു ഡ്രൈവർ എന്നിവരും സ്‌റ്റേഷന്റെ ഭാഗമാകും. രണ്ട് പിങ്ക് പൊലീസ് യൂണിറ്റുകളും പ്രവർത്തിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..