12 December Thursday

ഇനി അവർക്ക്‌ സ്വന്തം ‘കാലിൽ’ നടക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024

അപകടത്തിൽ വലതുകാൽ നഷ്ടപ്പെട്ട മലപ്പുറം പൊൻമള സ്വദേശിയായ നാലുവയസുകാരന് കൃത്രിമക്കാൽ വച്ചുകൊടുക്കുന്നു

മഞ്ചേരി
ഊന്നുവടിയോ പരസഹായമോ ഇല്ലാതെ ഇനി അവൻ ‘സ്വന്തം കാലിൽ’ നടക്കും. അപകടത്തിൽ വലതുകാൽ നഷ്ടപ്പെട്ട മലപ്പുറം പൊൻമള സ്വദേശി നാലുവയസുകാരന് കൃത്രിമ കാലിലൂടെ ഇനിയും നടക്കാം. മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ ആർട്ടിഫിഷ്യൽ ലിംബ്‌ ഫിറ്റിങ് സെന്ററാണ് ആധുനിക കൃത്രിമക്കാൽ നൽകിയത്. ഭിന്നശേഷി ദിനാചരണ  ഭാ​ഗമായി  കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. കെ കെ അനിൽരാജ് കുട്ടിക്ക് കാലുവച്ച്‌ നൽകി. വളർച്ചയുടെ ഘട്ടത്തിന് അനുസരിച്ച് അതത് വർഷങ്ങളിൽ കാലുകൾ മാറ്റിനൽകും. കുട്ടിയുൾപ്പെടെ ആറുപേർക്കാണ്‌ കൃത്രിമ കാലുകൾ നൽകിയത്‌. ഒരുവർഷം മുമ്പാണ് ലിംബ്‌ ഫിറ്റിങ് സെന്റർ പ്രവർത്തനം തുടങ്ങിയത്. മോഡുലാർ പ്രോസ്തസിസ് എന്ന ആധുനിക സാങ്കേതികവിദ്യയിലൂടെയാണ്‌ കാലുകൾ നിർമിക്കുന്നത്‌. അലൂമിനിയം, ഫൈബർ എന്നിവകൊണ്ടാണ്‌ നിർമാണം. സാധാരണ കൃത്രിമ കാലുകളിൽനിന്ന്‌ വ്യത്യസ്തമായി ഇതിന്‌ ഭാരം കുറവാണ്‌. എളുപ്പത്തിൽ ചലിക്കാനും സാധിക്കും. ആദ്യമായാണ്‌ ഇവിടെ ആധുനികരീതിയിലുള്ള കൃത്രിമക്കാലുകൾ നിർമിക്കുന്നത്. മുട്ടിന് മുകളിൽ വച്ചുപിടിപ്പിക്കാവുന്നതും മുട്ടിന് താഴെ പിടിപ്പിക്കാവുന്നതുമായ ആറ് കൃത്രിമക്കാലുകളാണ് ആദ്യഘട്ടത്തിൽ നിർമിച്ചത്. ജന്മനാൽ വൈകല്യമുള്ളവർക്കും അവയവങ്ങൾ നിർമിച്ച്‌ നൽകും. മൂന്നുമാസത്തിനിടെ 60 പേർക്ക്‌ നിർമിച്ചുനൽകി. വിപണിയിൽ ഒരുലക്ഷം  വിലവരുന്ന കൃത്രിമക്കാലുകൾ സൗജന്യ നിരക്കിലാണ്‌ നൽകുക.  ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷീനാ ലാൽ അധ്യക്ഷയായി. ആർഎംഒ ഡോ. സജിൻ ലാൽ, ഡോ. പ്രദീപ് കുമാർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നാസർ പുലത്ത്, ആർട്ടിഫിഷ്യൽ ലിംബ്‌ സെന്റർ പ്രോസ്‌തെറ്റിസ്റ്റ് ആൻഡ് ഓർത്തോട്ടിസ്റ്റുമാരായ പി പി അൻസാരി, റഷീദ് തോട്ടുങ്ങൽ, അയൂബ് റഹ്മാൻ എന്നിവർ സംസാരിച്ചു. ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. സാദിഖലി സ്വാഗതം പറഞ്ഞു.
പുതിയ പദ്ധതിക്ക് 
സർക്കാർ അനുമതി
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആർട്ടിഫിഷ്യൽ ലിംബ് ഫിറ്റിങ് സെന്ററിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള പ്രാരംഭ നടപടി ആരംഭിച്ചു. ആൺകുട്ടികളുടെ ഹോസ്റ്റൽ പ്രവർത്തിക്കുന്ന പ്രീ ഫാബ് കെട്ടിടത്തിലാകും ഇതിനുള്ള സൗകര്യം ഒരുക്കുക. 50 ലക്ഷം രൂപയുടെ പദ്ധതിക്ക്‌ സർക്കാർ ഇതിനകം അം​ഗീകാരം നൽകിയിട്ടുണ്ട്‌. നേരത്തെ,  ബി ബ്ലോക്കിന് മുൻവശത്തെ പഴയ കെട്ടിടത്തിലായിരുന്നു കേന്ദ്രം. വികസനത്തിന്റെ ഭാഗമായി ഈ കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. ഇപ്പോൾ ആശുപത്രിയിലെ ഒറ്റമുറിയിലാണ് ലിംബ് ഫിറ്റിങ് സെന്റർ പ്രവർത്തിക്കുന്നത്. നിരവധി പേർ കൃത്രിമാവയവങ്ങൾക്കായി ആശുപത്രിയെ സമീപിക്കുന്നുണ്ട്. എന്നാൽ, കൂടുതൽ പേർക്ക് അവയവങ്ങൾ നിർമിക്കാനും അവ ഫിറ്റുചെയ്ത്‌ നൽകുന്നതിനും നിലവിൽ ഇവിടെ സൗകര്യമില്ല. പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറുമ്പോൾ കൂടുതൽ പേർക്ക് കൃത്രിമാവയവങ്ങൾ നിർമിച്ചുനൽകാനും മികച്ച ചികിത്സ ഉറപ്പാക്കാനും സാധിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top