18 December Wednesday
പൊന്നാനിയിലെ പൊള്ളലേറ്റ് മരണം

കണ്ണീരോടെ വിടനൽകി നാട്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

നന്ദനയെ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ആശ്വസിപ്പിക്കുന്നു

പൊന്നാനി 
അമ്മയ്‌ക്കും അച്ഛനും അച്ഛമ്മയ്‌ക്കുമൊപ്പം സന്തോഷത്തോടെ കഴിഞ്ഞ വീട്ടിൽ നന്ദനയും അനിരുദ്ധനും മാത്രമായി. നെയ്‌തുകൂട്ടിയ സ്വപ്നവും സന്തോഷവുമെല്ലാം, കത്തിക്കരിഞ്ഞിടത്ത്‌ ഒപ്പമുണ്ട്‌ എന്ന നാടിന്റെ വാക്കുകളും ഇവർക്ക്‌ ആശ്വാസമാകുന്നില്ല. പൊള്ളലേറ്റ് മരിച്ച ഉറ്റവരെ സംസ്‌കാരത്തിനായി ഈശ്വരമംഗലം ശ്മശാനത്തിലേക്ക് മൂന്ന് ആംബുലൻസുകളിൽ കൊണ്ടുപോകുമ്പോൾ അലറിക്കരഞ്ഞ നന്ദനയേയും അനിരുദ്ധനെയും ആശ്വസിപ്പിക്കാൻ കഴിയാതെ നാട്ടുകാരും ബന്ധുക്കളും വിതുമ്പി.  
പൊള്ളലേറ്റ്‌ മരിച്ച മാറഞ്ചേരി  കാഞ്ഞിരമുക്ക് പുളിക്കകടവിലെ ഏറാട്ട് മണികണ്ഠനും ഭാര്യ റീനയ്‌ക്കും മണികണ്ഠന്റെ അമ്മ സരസ്വതിക്കും കണ്ണീരോടെയാണ്‌ നാട്‌ വിടനൽകിയത്‌. മരിച്ചവരെ അവസാന നോക്കുകാണാൻ വൻ ജനാവലി മാറഞ്ചേരിയിലെത്തി. അപകടത്തിൽ പുക ശ്വസിച്ച്‌ തൃശൂർ ജൂബിലി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മക്കൾ അച്ഛനമ്മമാരെ കാണണമെന്ന നിർബന്ധത്തിലായിരുന്നു. സംസ്കാരത്തിനുശേഷം ഇരുവരെയും എടപ്പാളിലെയും ചന്തപ്പടിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുക ശ്വസിച്ച് ഓക്സിജന്റെ അളവ് കുറയുന്നതായിരുന്നു പ്രശ്നം. ബുധനാഴ്‌ച പുലർച്ചെ ഒന്നോടെ വീട്ടുകാർ ഉറങ്ങിക്കിടക്കവേ മണികണഠ്‌ൻ കിടപ്പുമുറിയിൽ തീയിടുകയായിരുന്നു. 
മണികണ്‌ഠന്റെ ശരീരത്തിൽ പടർന്ന തീ അണയ്‌ക്കാനും രക്ഷിക്കാനും നടത്തിയ ശ്രമത്തിലാണ് റീനയ്‌ക്ക്‌ ഗുരുതര പൊള്ളലേറ്റത്. കട്ടിലിൽ തീപടർന്നാണ് സരസ്വതിക്ക്‌ പൊള്ളലേറ്റത്. മൂവരും തൃശൂർ ഗവ. മെഡിക്കൽ കോളേജിൽവച്ചാണ്‌ മരിച്ചത്‌.
 
 
സന്തോഷത്തിലായിരുന്നു, പക്ഷേ...
ജനുവരിയിൽ നന്ദനയുടെ വിവാഹം ഉറപ്പിച്ചതാണ്. കഴിഞ്ഞ 20ന്‌  നിശ്ചയംകഴിഞ്ഞതുമുതൽ മണികണ്‌ഠൻ സന്തോഷവാനായിരുന്നതായി നന്ദന പറയുന്നു.  കഴിഞ്ഞയാഴ്‌ചയാണ്‌ വരന്റെ അച്ഛനെ വിളിച്ച് കല്യാണത്തിന് തീയതി നിശ്ചയിക്കുന്നതും ഓഡിറ്റോറിയം ബുക്ക് ചെയ്യുന്നതും സംസാരിച്ചത്‌. അപ്പോഴും സന്തോഷവാനായിരുന്ന അച്ഛൻ പിന്നീട് എന്തിനാണ് മരണത്തിലേക്ക് എടുത്തുചാടിയതെന്ന് ചിന്തിക്കാൻപോലും ഇവർക്കാകുന്നില്ല. മാറഞ്ചേരി ഐടിഐയിലെ പഠനത്തിനുശേഷം  കംപ്യൂട്ടർ കോഴ്സ് ചെയ്യുകയാണ് നന്ദന. പ്ലസ് ടു പഠനത്തിനുശേഷം കംപ്യൂട്ടർ പഠനത്തിലാണ് അനിരുദ്ധനും. 
നന്ദനയേയും അനിരുദ്ധനെയും സന്ദർശിച്ച സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഇരുവരെയും ആശ്വസിപ്പിച്ചു. സർക്കാരിന്റെയും പാർടിയുടെയും എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഏരിയാ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞിയും ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top