18 October Friday

കൂമ്പടഞ്ഞ്‌ അടക്കാ കൃഷി

കെ പി ഭാസ്കരൻUpdated: Sunday Oct 6, 2024

വണ്ടൂരിൽ ഉൽപ്പാദനം കുറഞ്ഞ കവുങ്ങിൻ തോട്ടം

വണ്ടൂർ
കേരളത്തിലെ പ്രധാന അടക്കാ ഉൽപ്പാദന കേന്ദ്രങ്ങളിൽ‍ ഒന്നായിരുന്നു ജില്ലയുടെ മലയോര മേഖല. വർധിച്ച ഉൽപ്പാദന ചെലവും വിപണിയിലെ വിലത്തകർച്ചയും കാരണം ഇന്ന്‌ പലരും കവുങ്ങ് കൃഷി ഉപേക്ഷിച്ചു.  കഴിഞ്ഞ സീസണിലെ കനത്ത മഴയിൽ ഉൽപ്പാദനം നാലിലൊന്നായി ചുരുങ്ങി. ഇതിനിടെ മഞ്ഞളിപ്പ്‌ രോഗവും ബാധിച്ചതോടെ പലരും തോട്ടങ്ങൾ പരിപാലിക്കാതായി. 
വിലയിടിവാണ്‌ കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി. കഴിഞ്ഞ വർഷം കിലോ പഴുത്ത അടക്കക്ക്  60–-70 രൂപ ലഭിച്ചിരുന്നു. ഇന്നത്‌   40–-45 രൂപയായി. പലരും അതും നൽകുന്നില്ല. ഉൽപ്പാദന ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വില തീരെ അപര്യാപ്‌തം. ഉയർന്ന കൂലി നൽകാൻ തയ്യാറായാലും തൊഴിലാളികളെ കിട്ടാനില്ല.  
തോട്ടങ്ങളിൽ വ്യാപകമായ മഞ്ഞളിപ്പും മഹാളിയും കാരണം വിളലഭ്യതയും കുറഞ്ഞു. കനത്ത മഴയെ തുടർന്ന് മഹാളി പ്രതിരോധ മരുന്ന് യഥാസമയം ഉപയോഗിക്കാൻ കഴിയാതെ വന്നതും തിരിച്ചടിയായി. മലയോര മേഖലകളിൽ പുഴയോരത്തും നാട്ടിൻപുറങ്ങളിൽ വയലുകളിലുമാണ് കവുങ്ങ് കൃഷി പ്രധാനമായും നടക്കുന്നത്. കഴിഞ്ഞ വർഷം നല്ല കാലാവസ്ഥയായതിനാൽ നല്ല വിളവും അതോടൊപ്പം കർഷകന് മാന്യമായി വിലയും ലഭിക്കുകയുണ്ടായി. എന്നാൽ, ഇത്തവണ വിളവുമില്ല വിലയുമില്ല. മലയോര മേഖലയിൽ നാടൻ കവുങ്ങുകളാണ് പ്രധാന കൃഷി.  കാസർകോട്‌,  ലോക്കൽ, മംഗള, സമംഗള, കുള്ളൻ എന്നിവയും കൃഷിചെയ്യുന്നുണ്ട്‌. 
ഉൽപ്പാദത്തിൽ കുറവുണ്ടെങ്കിലും കാലാവസ്ഥയിലെ വ്യതിയാനങ്ങളിൽ പിടിച്ചുനിൽക്കാൻ കൂടുതൽ കഴിവുള്ളത് നാടൻ ഇനങ്ങൾക്കാണെന്നാണ് കർഷകർ പറയുന്നത്. സാധാരണ ഒന്നും രണ്ടും വർഷത്തേക്ക് കച്ചവടം നടന്നിരുന്ന തോട്ടങ്ങൾ വാങ്ങാൻ ഇപ്പോൾ ആരും വരുന്നില്ല. പെയിന്റ്‌, മരുന്നുകൾ, പാക്ക് എന്നിവക്കാണ് അടക്ക പ്രധാനമായും കയറ്റിയയക്കുന്നത്. ഇതിനും ആവശ്യക്കാർ കുറഞ്ഞു. 
 
നടപടി വേണം 
കവുങ്ങിന്റെ മഞ്ഞളിപ്പ് രോഗം കാരണം കർഷകർ പ്രതിസന്ധിയിലാണ്.  വേരിൽ കൂമ്പ് ചീഞ്ഞ് മരത്തെ ബാധിക്കുന്ന രോഗമാണ്. രോഗംവന്ന സ്ഥലങ്ങളിൽ പുനർ കൃഷി നടക്കാതെ വരുന്നു.  കേന്ദ്ര കവുങ്ങ് ഗവേണകേന്ദ്രം പഠനം നടത്തി  കീടങ്ങളെ തുരത്താൻ നടപടിയുണ്ടാകണം.  കർഷകർക്ക് പുനർകൃഷി ചെയ്യാൻ സഹായവും നഷ്ടപരിഹാരവും നൽകണം. 
 
മാത്യൂ സെബാസ്റ്റ്യൻ,  കർഷകൻ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top