മലപ്പുറം
കലിക്കറ്റ് സർവകലാശാലാ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ എസ്എഫ്ഐ മുന്നേറ്റം. ജില്ലയിൽ നാല് കോളേജ് യൂണിയനുകൾ എതിരില്ലാതെ പിടിച്ചെടുത്തു. പാർലമെന്ററി രീതിയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേരി എൻഎസ്എസ് കോളേജിലെ 47 സീറ്റിൽ 41ലും എസ്എഫ്ഐക്ക് എതിരില്ലായിരുന്നു. കഴിഞ്ഞതവണ യൂണിയൻ നഷ്ടപ്പെട്ട കോളേജിലാണ് ഇത്തവണത്തെ മിന്നുംവിജയം. വളാഞ്ചേരി പ്രവാസി കോളേജിൽ വീണ്ടും എസ്എഫ്ഐ യൂണിയൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 11 വർഷത്തിനുശേഷം എടക്കര ഫാത്തിമ കോളേജിലും എസ്എഫ്ഐ യൂണിയൻ പിടിച്ചെടുത്തു. ഇവിടെയുള്ള 59 -സീറ്റിൽ 35ലും എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. മരവട്ടം ഗ്രേസ്‌വാലി കോളേജിലെ 20 സീറ്റിലും എസ്എഫ്ഐക്ക് എതിരില്ല. മഞ്ചേരി ഇടിസിഇഎസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജനറൽ സീറ്റിൽ ഏഴിൽ ഏഴും എസ്എഫ്ഐ വിജയിച്ചു.
തവനൂർ ഗവ. കോളേജിൽ യുയുസി, ജനറൽ ക്യാപ്റ്റൻ, മാഗസിൻ എഡിറ്റർ, ജനറൽ സെക്രട്ടറി എന്നീ സീറ്റുകളിലും എസ്എഫ്ഐക്ക് എതിരില്ല. തിരുവാലി ഹികമിയ്യ കോളേജിൽ ജോയിന്റ് സെക്രട്ടറി സീറ്റിൽ എസ്എഫ്ഐ വിജയിച്ചു. കീഴാറ്റൂർ അൽഷിഫാ കോളേജിൽ 29ൽ 12 സീറ്റും എസ്എഫ്ഐക്ക് ലഭിച്ചു.
എസ്എഫ്ഐക്കെതിരെയുള്ള നുണപ്രചാരണങ്ങൾക്കുള്ള വിദ്യാർഥികളുടെ മറുപടിയാണ് സൂക്ഷ്മപരിശോധന പൂർത്തിയായപ്പോഴുണ്ടായ വലിയ വിജയമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
മായില്ല ഹൃദയച്ചുവപ്പ്
മഞ്ചേരി
മഞ്ചേരി എൻഎസ്എസ് കോളേജ് യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ. 47 വർഷത്തിനിടെ കഴിഞ്ഞതവണ നഷ്ടമായ കോളേജ് യൂണിയൻ എതിരില്ലാതെയാണ് എസ്എഫ്ഐ സ്വന്തമാക്കിയത്. വർഗീയ ധ്രുവീകരണത്തിലൂടെയും നുണക്കഥകൾ മെനഞ്ഞും കഴിഞ്ഞവർഷം കെഎസ്‌യു–- എംഎസ്എഫ് സഖ്യം വിജയിച്ചിരുന്നു.
ക്യാമ്പസുകളിൽ അരാഷ്ട്രീയതയുടെ വിത്തുപാകാൻ ഒരുമ്പെട്ടിറങ്ങിയവർക്കും ഈ പരാജയം പാഠമാകും. കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും വർഗീയ പ്രചാരണമാണ് കെഎസ്‌യു–- എംഎസ്എഫ് സഖ്യം അഴിച്ചുവിട്ടത്. ഇതിനെതിരെ എസ്എഫ്ഐ പ്രചാരണം നയിച്ചതോടെ എതിരാളികളുടെ പൊള്ളത്തരങ്ങൾ പൊളിഞ്ഞു.
പത്തിനാണ് തെരഞ്ഞെടുപ്പെങ്കിലും എതിർ സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ ക്ലാസ് പ്രതിനിധികളുൾപ്പെടെ 47–- ൽ 41 സീറ്റുകളിൽ എസ്എഫ്ഐയുടെ സ്ഥാനാർഥികൾ വിജയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..