27 December Friday

സായിപ്പിന്റെ പള്ളി 
അഥവാ നിലമ്പൂർ പള്ളി

എം സനോജ്‌Updated: Friday Apr 7, 2023

നിലമ്പൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഫെറോന പള്ളി

 

 
 
അതിജീവനത്തിനായി ചാലിയാറിന്റെ തീരം തേടിയെത്തിയ കുടിയേറ്റ കർഷകരും നിലമ്പൂരിന്റെ വിഭവസമൃദ്ധിയിൽ വിപണികണ്ട ഈസ്റ്റ് ഇന്ത്യാ കമ്പനിയും ഉൾപ്പെട്ട ഒരു ചരിത്രമുണ്ട്‌ നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോന ചർച്ചിന്‌. 94 വർഷം മുമ്പ്‌ പള്ളിയുടെ ആരംഭകാലത്ത്‌, സായിപ്പിന്റെ പള്ളി എന്നായിരുന്നു ഇത്‌ അറിയപ്പെട്ടിരുന്നത്‌. ആ പേരിലും ഒരു കാലത്തിന്റെ കഥയുണ്ട്‌.  
1912-ൽ ഐറീഷുകാരൻ എഡ്വേർഡ് മാൽക്കം സായിപ്പ് ഇടിവണ്ണയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി റബർ കൃഷി ചെയ്യാൻ മഞ്ചേരി കോവിലകത്തുനിന്ന്‌ പാട്ട വ്യവസ്ഥയിൽ ഭൂമിയേറ്റെടുത്തു. സായിപ്പിനും അദ്ദേഹത്തിന്റെ ജോലിക്കാർക്കും ആത്മീയകാര്യങ്ങൾ നിർവഹിക്കാൻ സൗകര്യമുണ്ടായിരുന്നില്ല. ഷൊർണൂരും മലപ്പുറത്തും മാത്രമേ കത്തോലിക്കാ ദേവാലയങ്ങൾ ഉണ്ടായിരുന്നുള്ളൂ. പിന്നീട്‌ വിശ്വാസികളുടെ അഭ്യർഥന മാനിച്ച് കോഴിക്കോട് മെത്രാനായിയിരുന്ന ലിയോ പ്രിസേർപ്പിയ ഷൊർണൂരിൽനിന്ന്‌ ഒരു വൈദികന് മാസത്തിലൊരിക്കൽ നിലമ്പൂരിൽ വന്ന് ബലിയർപ്പിക്കാൻ അനുവാദം നൽകി. നിലമ്പൂർ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ ഒരു മുറി വാടകയ്ക്കെടുത്തായിരുന്നു പ്രവർത്തനം. 
കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചതോടെ നിലമ്പൂരിൽ ദേവാലയം വേണമെന്ന ആവശ്യവും ശക്തമായി. ബലിയർപ്പിക്കാൻ നിലമ്പൂരിൽ വന്നിരുന്ന ഫാ. സിയേറയുടെ നേതൃത്വത്തിൽ കോഴിക്കോട് ബിഷപ്പിനെ കണ്ട് ആവശ്യം ഉന്നയിച്ചു. സ്വന്തം സ്ഥലവും വൈദികർക്ക് താമസസ്ഥലവും ഒരുക്കുകയാണെങ്കിൽ ദേവാലയം നിർമിക്കാൻ അനുവദിക്കാമെന്ന് ഉറപ്പുനൽകി. അങ്ങനെ കുടിയേറ്റ ജനത നിലമ്പൂർ കോവിലകം മാനവേദൻ രാജയെ കണ്ട്‌ സഹായം അഭ്യർഥിച്ചു. നിലമ്പൂർ ജനതപ്പടിയിലെ കാട് വെട്ടിത്തെളിച്ച് ദേവാലയം ഉണ്ടാക്കാൻ അദ്ദേഹം അനുമതി നൽകി. 1929ഓടെ ഒരു ഹാളും ചെറിയ വിശ്രമമുറിയുമായി പള്ളി പണിതു. ലിഷർ സായിപ്പിന്റെ നേതൃത്വത്തിലാണ് പള്ളി സ്ഥാപിച്ചത്. അങ്ങനെയാണ്‌ സായിപ്പിന്റെ പള്ളി എന്ന്‌ അറിയപ്പെട്ടിരുന്നത്. 
1929ൽ കോഴിക്കോട് മെത്രാൻ ലിയോ പ്രിസേർപ്പിയ വിശുദ്ധ കൊച്ചുത്രേസ്യായുടെ നാമധേയത്തിൽ ദേവാലയം വെഞ്ചരിച്ച് ആദ്യ ദിവ്യബലി അർപ്പിച്ചു. ആദ്യ വികാരിയായി  ജോസഫ് പഴേപറമ്പിൽ നിയമിതനായി. 1973ൽ തലശ്ശേരി രൂപത വിഭജിച്ച് മാനന്തവാടി രൂപത സ്ഥാപിതമായതോടെ, നിലമ്പൂർ ദേവാലയം മാനന്തവാടി രൂപതയുടെ കീഴിലായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top