മലപ്പുറം
എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) മലപ്പുറം റീജണൽ ഓഫീസ് ധർണ നടത്തി. എസ്ബിടി ഉൾപ്പെടെയുള്ള ആറ് ബാങ്കുകൾ എസ്ബിഐയിൽ ലയിച്ചതിനുശേഷം 60,000 ജീവനക്കാരുടെ കുറവാണ് വന്നത്. കരാറടിസ്ഥാനത്തിലും അപ്രന്റിസ് നിയമനത്തിലും വ്യാപകമായി താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കുന്നത് അഭ്യസ്തവിദ്യരായ യുവതയോടുള്ള വെല്ലുവിളിയും നിക്ഷേപകരുടെ സ്വകാര്യതയ്ക്ക് ഭീഷണിയുമാണ്. ചോദ്യംചെയ്യുന്ന ജീവനക്കാരെ സ്ഥലം മാറ്റുന്നതിനുവേണ്ടിയാണ് ട്രാൻസ്‌ഫർ പോളിസി സുതാര്യമാക്കാൻ മാനേജ്മെന്റ് തയ്യാറാകാത്തത്. കോർപ്പറേറ്റുകൾക്ക് കൊടുക്കുന്ന വായ്‌പ എഴുതിത്തള്ളുമ്പോൾ കൂടുതൽ നഷ്ടം അനുഭവിക്കേണ്ടിവരുന്ന ബാങ്ക് എസ്ബിഐയാണ്. ക്രമേണ ബാങ്ക് സ്വകാര്യവൽക്കരണം നടത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.
ഇതിനെതിരായി സംഘടിപ്പിച്ച ധർണ ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിഗേഷ് ഉണ്ണിയൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് ജി കണ്ണൻ അധ്യക്ഷനായി. പി അലി, പി രാജേഷ് എന്നിവർ സംസാരിച്ചു. ടി വി അനിൽ കുമാർ സ്വാഗതവും കെ ആർ രാകേഷ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..