21 November Thursday

കാട്ടാനകൾ തിരിച്ചെത്തി 
മുണ്ടേരി ഫാം ആശങ്കയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

മുണ്ടേരി ഫാമിൽ പയ്യാനിതോടിനുസമീപം ബുധൻ രാവിലെ തമ്പടിച്ച കാട്ടാനകള്‍

 

എടക്കര
ഉരുൾപ്പൊട്ടലിൽ ഉൾക്കാട് കയറിയ കാട്ടാനക്കൂട്ടം ഒന്നടങ്കം ചാലിയാർ തീരത്ത് മടങ്ങിയെത്തി. മുണ്ടേരി ഫാമിലാണ് ഇവ തമ്പടിച്ചത്. മുണ്ടക്കൈ ഉരുൾപ്പൊട്ടലിലെ മലവെള്ളം കാരണമാണ് കാട്ടാനകൾ ഉൾക്കാട്ടിലേക്ക് നീങ്ങിയത്. ബുധൻ രാവിലെ എട്ടരക്ക് ഫാമിൽ തൊഴിലാളികൾ  എത്തിയപ്പോഴേക്കും പയ്യാനിതോടിനുസമീപം തലപ്പാലി ഭാഗം കാട്ടാനക്കൂട്ടം കൈയടക്കി. ദുരന്തം കഴിഞ്ഞ് 100 ദിവസത്തിനുശേഷമാണ് ആനകളുടെ മടക്കം.
മൂന്ന് കുട്ടികൾ ഉൾപ്പെടെ  എട്ടംഗ കാട്ടാനക്കൂട്ടമാണ് തലപ്പാലി ബ്ലോക്കിൽ തമ്പടിച്ചത്. മുന്നൂറിലധികം തൊഴിലാളികളുള്ള ഭൂരിഭാഗം പ്രദേശവും കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്. ഇവയെ തടയാൻ സോളാർ ഫെൻസിങ് സ്ഥാപിച്ചെങ്കിലും ഫലപ്രദമായിട്ടില്ല. 
നൂറ് മീറ്റർ ദൂരത്തിലാണ് ഫാമിലെ തൊഴിലാളികൾ ജോലിചെയ്യുന്നത്. അക്രമികളായ കാട്ടാനകളെ തുരത്താൻ ഓലപ്പടക്കംമാത്രമാണ് ആശ്രയം. സംസ്ഥാനത്തെ മികച്ച വിത്ത് കൃഷിത്തോട്ടമാക്കി മുണ്ടേരിയെ മാറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കാട്ടാന ഭീഷണിയാകുന്നത്. സംസ്ഥാന സർക്കാർ റീ ബിൽഡ് കേരള പദ്ധതിയിലെ 30 കോടി രൂപ ചെലവഴിച്ച് 26 ഇന വികസന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വേലികൾ, കിടങ്ങുകൾ, പോളി ഹൗസ്, മിസ്റ്റ് ചേമ്പർ, കുളങ്ങൾ, മഴവെള്ള സംഭരണി, തടയണകൾ എന്നിവയാണ് നിർമിക്കുന്നത്. മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തെ വിനോദസഞ്ചാര, പഠനകേന്ദ്രമാക്കി മാറ്റാൻ കാട്ടാനകൾമാത്രമാണ് ഭീഷണി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top