07 November Thursday
സഞ്ജയ്‌ സേട്ടു കൊലപാതകം

പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

രാജന്‍

 

 
മഞ്ചേരി 
മഹാരാഷ്ട്ര സ്വദേശിയായ  സഞ്ജയ് സേട്ടുവി  (മധുകർ)നെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. രണ്ടത്താണി ആറ്റുപുറം മറ്റൂർ വില്യമംലത്ത് വീട്ടിൽ രാജനെ (64)യാണ്  മഞ്ചേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി  എ വി ടെല്ലസ് ശിക്ഷിച്ചത്. കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവ്, 90,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷത്തെ അധിക കഠിന തടവും അനുഭവിക്കണം. അതിക്രമിച്ച്‌ കയറിയതിന് ഏഴ് വർഷം കഠിന തടവും 10,000 രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കിൽ ഒരുവർഷത്തെ അധിക കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ.  പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടറുമായ കെ പി ഷാജു ഹാജരായി. 33 സാക്ഷികളെ വിസ്തരിച്ചു. 31 രേഖകളും 12 തൊണ്ടിമുതലുകളും ഹാജരാക്കി. 
2016 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം. 30 വർഷമായി കുടുംബസമേതം രണ്ടത്താണിയിൽ താമസിക്കുന്ന മധുകറും പ്രതി രാജനും സുഹൃത്തുക്കളാണ്. ഇരുവരും പ്രതിയുടെ വീട്ടിലിരുന്ന് മദ്യപിച്ചു.  പ്രതിയുടെ കൈവശമുണ്ടായിരുന്ന അഞ്ച് പവൻ കാണാതായി. ഇത് മധുകർ മോഷ്ടിച്ചതാണെന്ന് പ്രതി ആരോപിച്ചിരുന്നു. ആരോപണം നിഷേധിച്ച മധുകർ സ്വർണം തിരികെ നൽകാത്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൽപ്പകഞ്ചേരി പൊലീസ് രജിസ്റ്റർചെയ്ത കേസിൽ വളാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർമാരായിരുന്ന കെ ജി സുരേഷ്, കെ എം സുലൈമാൻ, എസ് സിപിഒമാരായ ഇഖ്ബാൽ, ഷറഫുദ്ദീൻ എന്നിവരാണ് കേസന്വേഷിച്ചത്. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top